Top

'വെറുതെ വിഡ്ഢിത്തം പറയരുത്'; കങ്കണയുടെ കാർ തടഞ്ഞ് കർഷകർ

കര്‍ഷക സമരത്തിനതിരെ താരം നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ കാര്‍ തടഞ്ഞത്

4 Dec 2021 12:50 PM GMT
ഫിൽമി റിപ്പോർട്ടർ

വെറുതെ വിഡ്ഢിത്തം പറയരുത്; കങ്കണയുടെ കാർ തടഞ്ഞ് കർഷകർ
X

നടി കങ്കണ റണൗത്തിന്റെ കാര്‍ തടഞ്ഞ് പഞ്ചാബിലെ റോപ്പര്‍ ജില്ലയിലെ കര്‍ഷകര്‍. കര്‍ഷക സമരത്തിനതിരെ താരം നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ കാര്‍ തടഞ്ഞത്. വാഹനം തടയുന്ന വീഡിയോ കങ്കണയാണ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഹിമാചല്‍ പ്രദേശില്‍ നിന്നും പഞ്ചാബില്‍ എത്തിയ തന്നെ അവര്‍ ആക്രമിച്ചു. അവര്‍ സ്വയം പറയുന്നത് അവര്‍ കര്‍ഷകരാണെന്നാണ്. മോശമായി പെരുമാറി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നമ്മുടെ രാജ്യത്ത് പരസ്യമായി നടക്കുന്നുണ്ട്. എന്ന് വീഡിയോ പങ്കുവച്ച് കഹ്കണ കുറിച്ചു.

സംഭവ സ്ഥലത്ത് ധാരാളം പൊലീസുകാര്‍ ഉണ്ടായിരുന്നു, എന്നിട്ടും തന്റെ വാഹനം പോകാന്‍ അനുവദിച്ചില്ലെന്ന് കങ്കണ ആരോപിച്ചു. താന്‍ ഒരു രാഷ്ട്രീയക്കാരിയോ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയോയാണോ? ഇതെന്ത് സ്വഭാവമാണ് വിശ്വസിക്കാനാവുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ക്കൊപ്പം തന്റെ പേര് ചേര്‍ക്കാന്‍ നടക്കുന്ന ഗൂഢലക്ഷ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും താരം പറഞ്ഞു.

സ്ത്രീകളടക്കമുള്ള കര്‍ഷകരാണ് താരത്തിന്റെ കാറിന് ചുറ്റു പ്രതിഷേധവുമായി എത്തിയത്. ഒരു കാര്യം പറയുന്നതിന് മുമ്പ് ആലോചിക്കണമെന്നും വിടുവായിത്തം പറയരുതെന്നുമായിരുന്നു പ്രതിഷേധക്കാരില്‍ ഒരാളായ സ്ത്രീ കങ്കണയോട് പറഞ്ഞത്.


Next Story