Top

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.

29 Nov 2021 2:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള കാർഷിക നിയമങ്ങള്‍ അസാധുവാക്കല്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ആദ്യ സെഷനില്‍ തന്നെ ബില്‍ ചര്‍ച്ചയ്ക്ക് എടുത്ത് പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് ബുധനാഴ്ച ബില്‍ രാജ്യസഭയിലും എത്തിച്ച് നടപടികള്‍ പൂർത്തിയാക്കാനാണ് നീക്കം.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. നിയമം പാസാക്കുമ്പോള്‍ ഹാജരായിരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ സമരത്തില്‍ മരണപ്പെട്ട കര്‍ഷകര്‍ക്ക് അനുശോചനം അറിയിച്ച് ലോക്സഭ പ്രമേയം പാസാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. താങ്ങുവില, പെഗാസസ് എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് സഭ പ്രക്ഷുഭ്തമായേക്കും.

കഴിഞ്ഞ നവംബർ 20 നാണ് വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമുണ്ടായത്. തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയും അംഗീകാരം നല്‍കി. ഉത്തർപ്രദേശ് ഉൾപ്പെടെ നിർണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കവെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

എന്നാല്‍ നിയമങ്ങള്‍ റദ്ദാക്കുന്ന ഘട്ടത്തിലും തെറ്റ് സമ്മതിക്കാന്‍ ഭരണകക്ഷിയോ സർക്കാരോ തയ്യാറാകാത്ത സാഹചര്യത്തില്‍ കർഷകർ അതൃപ്തിയിലാണ്. 'നിയമനിർമ്മാണങ്ങൾക്കെതിരെ ഒരു ചെറിയ കൂട്ടം കർഷകർ മാത്രമാണ് പ്രതിഷേധിക്കുന്നത്, എന്നാല്‍ എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് പുരോഗതി എന്ന കാഴ്ചപ്പാട് പ്രകാരമാണ് റദ്ദാക്കല്‍ ബില്‍ അവതരിപ്പിക്കുന്നത്' എന്നാണ് ബില്ലിന്റെ ആമുഖം. ഈ സാഹചര്യത്തില്‍ തെറ്റുപറ്റിയെന്ന് പരസ്യമായി പ്രഖ്യാപിക്കാനും മാപ്പ് പറയാനും കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും തയ്യാറാകണമെന്നാണ് കർഷക സംഘടകളുടെ ആവശ്യം.



Next Story