Top

മുല്ലപ്പെരിയാറില്‍ ജലം സംഭരിച്ചതില്‍ വീഴ്ച; തമിഴ്നാട്ടില്‍ പ്രക്ഷോഭത്തിന് ഒരുങ്ങി എഐഎഡിഎംകെ

ജലം സംഭരിക്കുന്ന വിഷയത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പം നിന്നുവെന്നും ആരോപിച്ചാണ് എഐഎഡിഎംകെ പ്രക്ഷോഭത്തിനറങ്ങുന്നത്.

2 Nov 2021 1:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാറില്‍ ജലം സംഭരിച്ചതില്‍ വീഴ്ച; തമിഴ്നാട്ടില്‍ പ്രക്ഷോഭത്തിന് ഒരുങ്ങി എഐഎഡിഎംകെ
X

മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചതില്‍ ഡിഎംകെ സര്‍ക്കാരിന് വീഴ്ച പറ്റിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളില്‍ പ്രക്ഷോഭത്തിന് ഒരുങ്ങി എഐഎഡിഎംകെ. നവംബര്‍ 9ന് തേനി, മധുര, ദിന്‍ഡിഗല്‍ ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളില്‍ പ്രക്ഷോഭം നടത്താനാണ് എഐഎഡിഎംകെ തീരുമാനിച്ചിരിക്കുന്നത്. ഡിഎംകെ തമിഴ്നാടിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നും ജലം സംഭരിക്കുന്ന വിഷയത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പം നിന്നുവെന്നും ആരോപിച്ചാണ് എഐഎഡിഎംകെ പ്രക്ഷോഭത്തിനറങ്ങുന്നത്.

ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും എഐഎഡിഎംകെ ആരോപിച്ചിരുന്നു. ഡിഎംകെ അധികാരത്തില്‍ എത്തിയത് മുതല്‍ പാര്‍ട്ടിയുടെ സ്വാര്‍ഥതയും രാഷ്ട്രീയ സമ്മര്‍ദ്ദവും കാരണം സംസ്ഥാനത്തിന് ലഭിക്കേണ്ട അവകാശങ്ങളില്‍ ഒരുപാട് തവണ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു എന്ന് എഐഎഡിഎംകെ അധ്യക്ഷന്‍ ഒ. പനീര്‍ശെല്‍വവും, ഉപാധ്യാക്ഷന്‍ എടപ്പാടി പളനിസ്വാമിയും ആരോപിച്ചു.

കേരളത്തിലെ മന്ത്രിമാരുടേയും മറ്റുളളവരുടേയും ആവശ്യപ്രകാരം ജലനിരപ്പ് 138ല്‍ ആയിരുന്ന സമയത്തും തമിഴ്നാട് സര്‍ക്കാരിന് മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നുവെന്നും എഐഎഡിഎംകെ ആരോപിച്ചു. ഡാമിന് എതിരെയുളള കേരളത്തിന്റെ ക്യാമ്പയിനും ഇതിന് കാരണമായെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി നിലനിര്‍ത്തിയാല്‍ മാത്രമെ തമിഴ്നാട്ടിലെ ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ഉള്‍ഗ്രാമങ്ങളിലെ ജലസേചനത്തിന് വെളളം ലഭിക്കൂവെന്നും എഐഡിഎംകെ വ്യക്തമാക്കി.

Next Story

Popular Stories