Top

'ഞങ്ങളെപ്പോലെ ഫഡ്‌നാവിസിനും അദ്ദേഹത്തെ ബഹുമാനമാണ്'; ഉദ്ധവിനെ ലക്ഷ്യമിടരുതെന്ന് ബിജെപി നിര്‍ദ്ദേശിച്ചതായി വിമത പക്ഷം

9 July 2022 8:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങളെപ്പോലെ ഫഡ്‌നാവിസിനും അദ്ദേഹത്തെ ബഹുമാനമാണ്; ഉദ്ധവിനെ ലക്ഷ്യമിടരുതെന്ന് ബിജെപി നിര്‍ദ്ദേശിച്ചതായി വിമത പക്ഷം
X

മുംബൈ: ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ളതായിരിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നതായി മഹാരാഷ്ട്ര എംഎല്‍എ ദീപക് കേസര്‍കര്‍. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അഴിമതി നടത്തിയിരുന്നെന്ന ബിജെപി നേതാവ് കിരിത് സോമയ്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിമത സേനയിലെ അംഗമായ എംഎല്‍എ. കിരിതിന് കാര്യങ്ങളെ കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു.

'മന്ത്രാലയിലെത്തി റിക്ഷക്കാരനായ മുഖ്യമന്ത്രിയെ കണ്ടു. മാഫിയ മുഖ്യമന്ത്രിയെ അധികാരത്തില്‍ നിന്നിറക്കിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു.' ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോമയ്യയുടെ ട്വീറ്റ്. ട്വീറ്റിന് തെട്ടുപിന്നാലെയായിരുന്നു വിമത എംഎല്‍എയുടെ പ്രതികരണം. താക്കറെ തങ്ങള്‍ ഇപ്പോഴും ബഹുമാനിക്കുന്നുണ്ട്. അക്കാര്യം ഷിന്‍ഡെയെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും അറിയിച്ചിരുന്നെന്നും കേസര്‍കര്‍ പറഞ്ഞു. ഫഡ്‌നാവിസ് ഇക്കാര്യം സോമയ്യയുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

'' ഞങ്ങള്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ച് വന്നപ്പോള്‍ ബിജെപിയുമായി സൗത്ത് മുംബൈ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ നാഥനെ ഞങ്ങള്‍ വേദനിപ്പിച്ചു. ഇനിയും കൂടുതല്‍ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവിടെ വച്ച് തന്നെ അവരോട് പറഞ്ഞിരുന്നു.' ദീപക് കസേര്‍കര്‍ പറഞ്ഞു. ഉദ്ധവ് താക്കറെയെ കുറിച്ചുള്ള പ്രതികരണത്തില്‍ സോമയ്യ ഖേദം പ്രകടിപ്പിച്ചെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായും കസേര്‍കര്‍ അറിയിച്ചു. ഫഡ്‌നാവിസും ഉദ്ധവ് താക്കറെയെ ബഹുമാനിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. തന്നെയും കുടുംബത്തെയും ബിജെപി ആക്രമിക്കുമ്പോള്‍ വിമത ശിവസേന എംഎല്‍എമാര്‍ മൗനം പാലിക്കുകയാണെന്ന് ഉദ്ധവ് താക്കറെ വെള്ളിയാഴ്ച ആരോപിച്ചിരുന്നു.

STORY HIGHLIGHT: Deepak Kesarkar said that The BJP has promised not to target Shiv Sena president Uddhav Thackeray

Next Story