Top

വീണ്ടും തെരഞ്ഞെടുപ്പ്; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം, 'യുദ്ധവെറി ഉയര്‍ത്തി' ബി.ജെ.പി.

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നുകയറ്റത്തിനു ശ്രമിച്ചത് രണ്ടാഴ്ചയ്ക്കു മുമ്പായിരുന്നു. കഴിഞ്ഞ വര്‍ഷം ലഡാക്ക് അതിര്‍ത്തിയില്‍ ഗല്‍വാനിലേക്ക് ചൈനീസ് സേന കടന്നുകയറിയതും ഇതേത്തുടര്‍ന്ന് രണ്ടു സൈന്യവും യുദ്ധത്തിന്റെ വക്കില്‍ എത്തിയതും ഏറെ വാര്‍ത്തയായിരുന്നു.

14 Oct 2021 12:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും തെരഞ്ഞെടുപ്പ്; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം, യുദ്ധവെറി ഉയര്‍ത്തി ബി.ജെ.പി.
X

ഉത്തര്‍പ്രദേശ് അടക്കം ഏഴു സംസ്ഥാനങ്ങളിലേക്കും നിരവധി പാര്‍ലമെന്റ് സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പിന് ഇനി കേവലം എട്ടു മാസം മാത്രമാണ് ശേഷിക്കുന്നത്. രാഷ്ട്രീയ-സാംസ്‌കാരിക പ്രശ്‌നങ്ങള്‍ കാരണം ഇവിടെ പലയിടത്തും ഭരണം നിര്‍വഹിക്കുന്ന ബി.ജെ.പി. പ്രതിപക്ഷ സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ വീണ്ടും തങ്ങളുടെ പഴയ തുറുപ്പ് ചീട്ടായ 'ദേശീയത' പുറത്തെടുക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പി. നേതൃത്വവും.

ഇന്നു ഗോവയില്‍ ഒരു സര്‍വകലാശാല നടത്തിയ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാകിസ്താനെ പേരെടുത്തു പറഞ്ഞ് മുന്നറിയിപ്പ് നല്‍കിയത് ബി.ജെ.പിയുടെ ഈ 'തന്ത്രത്തിന്റെ' ഭാഗമാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വതവേ ശാന്തമായിരുന്ന ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പൊടുന്നനെ സംഘര്‍ഷം ഉണ്ടായതും അതിനേത്തുടര്‍ന്നു അമിത് ഷായുടെ മുന്നിറയിപ്പും സംശയം ജനിപ്പിക്കുന്നതാണെന്നാണ് അവരുടെ ആരോപണം.

ഇതേ സമയം കഴിഞ്ഞ ഒന്നര വര്‍ഷമായി ചൈന ഇന്ത്യ മേഖലകളില്‍ നടത്തുന്ന അധിനിവേശത്തില്‍ ഒരക്ഷരം മിണ്ടാതെ ഇരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നുകയറ്റത്തിനു ശ്രമിച്ചത് രണ്ടാഴ്ചയ്ക്കു മുമ്പായിരുന്നു. കഴിഞ്ഞ വര്‍ഷം ലഡാക്ക് അതിര്‍ത്തിയില്‍ ഗല്‍വാനിലേക്ക് ചൈനീസ് സേന കടന്നുകയറിയതും ഇതേത്തുടര്‍ന്ന് രണ്ടു സൈന്യവും യുദ്ധത്തിന്റെ വക്കില്‍ എത്തിയതും ഏറെ വാര്‍ത്തയായിരുന്നു.

ഇന്ത്യയുടെ ഭൂവിഭാഗങ്ങളിലേക്ക് കിലോമീറ്ററുകളോളം ചൈനീസ് സൈന്യം കടന്നുകയറുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെയാണ് ഇതു വാര്‍ത്തയാകുകയും തുടര്‍ന്ന് വിവാദമാകുകയും ചെയ്തത്. ഇന്ത്യയു െഭൂമി ചൈനീസ് സൈന്യം കൈയേറിയതു സംബന്ധിച്ച് പ്രതിപക്ഷം അന്ന് ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് ചെയ്തത്.

ഇപ്പോള്‍ വീണ്ടും ചൈന എല്ലാ ധാരണകളും തെറ്റിച്ച് അധിനിവേശത്തിനു ശ്രമിക്കുമ്പോഴും അവതു കണ്ടില്ലെന്ന് നടിച്ച് പാകിസ്താനെതിരേ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 'ചില വൈകാരിക-മത' സ്പര്‍ദ്ധ ഉയര്‍ത്താനാണെന്നാണ് പ്രതിപക്ഷ ആരോപണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകുകയും അതിനെ വൈകാരികമായി കാണുകയും ചെയ്യുന്നത് ബി.ജെ.പി. നടത്തുന്ന രാഷ്ട്രീയ തന്ത്രമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇതിനു മുമ്പ് 2019-ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പുല്‍വാമ ആക്രമണമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

സി.ആര്‍.പി.എഫ്. സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേരെ അന്ന് ചാവേര്‍ ആക്രമണമാണ് നടന്നത്. ആക്രമണത്തില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു ശേഷം ഇന്ത്യ പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയും നിരവധി തീവ്രവാദ ക്യാമ്പുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഈ നേട്ടം വളരെ സഹായകരമാകുകയും ചെയ്തിരുന്നു.

എന്നാല്‍ അതിനു ശേഷം പുല്‍വാമ സംഭവത്തില്‍ മറ്റു പല ഇന്റലിജന്‍സ് വീഴ്ചകളും മറ്റും കണ്ടെത്തിയപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൗനം പാലിക്കുകയായിരുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത നീക്കമായിരുന്നു പുല്‍വാമ ആക്രമണമെന്നു പലകോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനോ, പ്രതികരിക്കാനോ കേന്ദ്രം തയാറാകാതിരുന്നത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ സമാന സാഹചര്യത്തില്‍ വീണ്ടും ജമ്മു-കഷ്മീര്‍ അതിര്‍ത്തി കലുഷിതമാകുകയാണ്. അതിനു പിന്നാലെയാണ് ഇപ്പോള്‍ അമിത് ഷായുടെ മുന്നറിയിപ്പും തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും.

Popular Stories

    Next Story