ഡല്‍ഹിയില്‍ പേമാരിയും കാറ്റും; രണ്ട് മരണം, ജമാ മസ്ജിദിന്റെ താഴികക്കുടത്തിന് തകരാര്‍
കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിന്റെ മിനാരഭാഗങ്ങളിൽ കേടുപാടുകൾ പറ്റിയിട്ടുണ്ട്.
31 May 2022 4:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: ഡൽഹി കടുത്ത ചൂടിൽ വലയുന്നതിനിടെ പെട്ടെന്നെത്തിയ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മണിക്കൂറിൽ എഴുപത് കി.മീ വേഗത്തിൽ വീശിയടിച്ച കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ലോധി റോഡിലുള്ള സിജിഒ കോംപ്ലക്സിനടുത്ത് നിർമാണം പുരോഗമിക്കുന്ന കെട്ടിടം തകർന്നുവീണു. നിർത്തിയിട്ട വാഹനങ്ങൾക്കും വീടുകൾക്കും മരംവീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഡൽഹിയിലേക്കുള്ള എട്ട് വിമാനങ്ങൾ ജയ്പൂർ, അഹമ്മദാബാദ്, ലഖ്നൗ, ചണ്ഡീഗഡ്, ഡെറാഡൂൺ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.
കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും തലസ്ഥാന നഗരിയിലെ താപനില കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇന്നലെ വെെകുന്നേരം 4.20 നും 5.40 നുമിടയിൽ സഫ്ദർജംഗിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് 25 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇത് പ്രകാരം എയർപോർട്ടിന് സമീപത്തുള്ള പാലം ഒബ്സർവേറ്ററിലെ റീഡിംഗ് 13 ഡിഗ്രി സെൽഷ്യസും, തെക്കൻ ഡൽഹിയിലെ സഫ്ദർജംഗിൽ 16 ഡിഗ്രി സെൽഷ്യസും കുറഞ്ഞു.
കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിന്റെ മിനാരഭാഗങ്ങളിൽ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് സ്ഥലത്തുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റതായി ജമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഒരു സംഘത്തെ ജുമാ മസ്ജിദിലേക്ക് അയച്ചതായി ഡൽഹി വഖഫ് ബോർഡ് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം ആലിപ്പഴ വര്‍ഷവും ശക്തമായ ഇടിമിന്നലും ഒരുമിച്ചെത്തിയതോടെ ഡൽഹി നഗരം ഇരുട്ടിലാണ്.
Story Highlights: Strong winds and rains in Delhi; Extensive damage, damage to the minaret of the Juma Masjid
- TAGS:
- Rain
- Delhi
- Juma Masjid
- Strong Wind