ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി
ആഗസ്റ്റ് ആറിനാണ് രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
3 Aug 2022 4:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധൻഖറിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജൻ സമാജ്വാദി പാർട്ടി. രാഷ്ട്രപതി തെരഞ്ഞെടപ്പിന് സമാനമായി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനും കേന്ദ്ര സർക്കാരിനും സ്ഥാനാർത്ഥികളുണ്ട്. ഈ സാഹചര്യത്തിലാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് മായാവതി ട്വീറ്റ് ചെയ്തു.
ആഗസ്റ്റ് ആറിനാണ് രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഎസ്പി പ്രവർത്തകരെയും സ്വന്തം പ്രസ്ഥാനത്തെയും കണക്കിലെടുത്താണ് ജഗ്ദീപ് ധൻഖറിന് പിന്തുണക്കാൻ തീരുമാനിച്ചതെന്നും താൻ ഔദ്യോഗികമായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും മായാവതിയുടെ ട്വീറ്റിൽ പറയുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയാക്കി തന്റെ പാർട്ടിയെ അവഗണിച്ചുവെന്ന് മായാവതി നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതോടെയാണ് ദ്രൗപതി മുർമുവിന് ബിഎസ്പി പിന്തുണ നൽകിയത്. മുർമുവിന് പിന്തുണ നൽകാനുള്ള തന്റെ തീരുമാനം രാഷ്ട്രീയമായി നിഷ്പക്ഷമാണെന്നും ബിജെപിയെയോ എൻഡിഎയെയോ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി നേരത്തെ പറഞ്ഞിരുന്നു.
ബിഎസ്പിക്ക് പുറമെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ശിവസേനയും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദൗപദി മുർവിനെ പിന്തുണച്ചിരുന്നു. എന്നാൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മാർഗരറ്റ് ആൽവയ്ക്കാണ് ജെഎംഎമും ശിവസേനയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം.
Story highlights: Election of Vice President; BSP announces support for NDA candidate
- TAGS:
- vice president
- election
- BSP
- Support
- NDA