Top

34 എംഎൽഎമാരുമായി ഏക്നാഥ് ഷിൻഡെ ​ഗുജറാത്തിൽ നിന്നും അസമിലേക്ക്; യാത്ര പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ

ഞങ്ങൾ ഒരു പാർട്ടിയിലും ചേരാൻ പോകുന്നില്ല. ഞങ്ങൾ ബാലാസാഹെബ് താക്കറെയുടെ ശിവസൈനികരാണ്.

22 Jun 2022 12:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

34 എംഎൽഎമാരുമായി ഏക്നാഥ് ഷിൻഡെ ​ഗുജറാത്തിൽ നിന്നും അസമിലേക്ക്; യാത്ര പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ
X

ഗാന്ധിന​ഗർ: ശിവസേനയുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ എംഎൽഎമാരുമായി ​ഗുജറാത്തിലെ സൂറത്തിൽ നിന്നും അസമിലെ ​ഗുവാഹത്തിയിലേക്ക് പ്രവേശിക്കും. സൂറത്തിലെ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്ര. താമസം ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏക്നാഥ് ഷിൻഡെ 34 എംഎല്‍എമാര്‍ക്കൊപ്പം നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് പുറത്തുവന്ന ഫോട്ടോയിലുളളത്. "ഞങ്ങൾ ശിവസേനയിൽ തുടരും. ഞങ്ങൾ ഒരു പാർട്ടിയിലും ചേരാൻ പോകുന്നില്ല. ഞങ്ങൾ ബാലാസാഹേബ് താക്കറെയുടെ ശിവസൈനികരാണ്. ഞങ്ങൾ ബാലാസാഹേബ് താക്കറെയുടെയും ആനന്ദ് ദിഗെയുടെയും ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകും. " എന്ന് സൂറത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകവെ ഏകാനാഥ് ഷിൻഡെ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.



മഹാരാഷ്ട്ര മന്ത്രിസഭയിലെ 41 എംഎൽഎമാരിൽ 34 പേരാണ് ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുളളത്. ശിവസേന എംഎൽഎമാരുമായി ഹോട്ടലിൽ നിന്ന് പുറപ്പെട്ട ബസിൽ ബിജെപി നേതാവ് മോഹിത് കാംബോജിനെ കണ്ടതായും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ സംഘം ഗുവാഹത്തിയിലെത്തും.

നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്ര ശിവസേനയിൽ പിളർപ്പുണ്ടായത്. ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നാണ് ഏക്നാഥ് ഉൾപ്പെടുന്ന വിമത എംഎൽഎമാരുടെ ആവശ്യം. അല്ലാത്ത പക്ഷം പാർട്ടി പിളരുമെന്നും ഷിൻഡെ മുന്നറിയിപ്പ് നൽകിയിരുന്നു. ഷിൻഡെയുമായി അനുരഞ്ജന നീക്കത്തിന് ശിവസേന മിലിന്ദ് നര്‍വേക്കറെ നിയോ​ഗിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തനിക്കെതിരെ പാര്‍ട്ടി നടപടി എടുക്കേണ്ടതില്ലെന്നും തനിക്ക് മുഖ്യമന്ത്രി സ്ഥാനമോഹം ഇല്ലെന്നും ഉദ്ദവ് താക്കറെയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഷിൻഡെ പറഞ്ഞു. നേരത്തെ, ശിവസേനയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും ഷിന്‍ഡെയെ മാറ്റിയിരുന്നു.



മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശിവസേനയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ഉദ്ദവ് താക്കറെ നേരിട്ട് അത് പരിഹരിക്കുമെന്നും സഖ്യ സര്‍ക്കാരിനെ ഇതൊന്നും ബാധിക്കില്ലെന്നുമാണ് എന്‍സിപിയുടേയും കോണ്‍ഗ്രസിന്റേയും പരസ്യ നിലപാട്.


STORY HIGHLIGHTS: Eknath Shinde leaves Gujarat for Assam with 34 MLAs

Next Story