Top

'മാപ്പ് പറയേണ്ട, ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിഛായ തകര്‍ക്കണമെന്ന് ഞങ്ങള്‍ക്കില്ല'; ടിക്കായത്ത്‌

'എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ആ തീരുമാനം ഇന്ത്യയില്‍ നടപ്പിലാവില്ല'

27 Dec 2021 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാപ്പ് പറയേണ്ട, ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിഛായ തകര്‍ക്കണമെന്ന് ഞങ്ങള്‍ക്കില്ല; ടിക്കായത്ത്‌
X

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയേണ്ടതില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിഛായ തകർക്കാന്‍ കർഷകർ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കികൊണ്ടായിരുന്നു പ്രസ്താവന. ഒരു വർഷത്തിലധികം നീണ്ട കർഷക പ്രതിഷേധത്തിനൊടുവില്‍ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടവെയാണ് കർഷക നേതാവിന്റെ ട്വീറ്റ്.

'പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ലോകത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ പ്രതിഛായ തകർക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ആ തീരുമാനം ഇന്ത്യയില്‍ നടപ്പിലാവില്ല. ഞങ്ങള്‍ പൂർണ്ണ ആത്മാർത്ഥയോടെ നിലത്തില്‍ പണിയെടുക്കുന്നവരാണ്. എന്നാല്‍ ഡല്‍ഹിയിലിരിക്കുന്നവർക്ക് ആ ആത്മാർത്ഥതയോട് നീതി പുലർത്തിയില്ല' - ടിക്കായത്ത് ട്വീറ്റില്‍ പറയുന്നു.

റദ്ദാക്കിയ കാർഷിക നിയമങ്ങള്‍ വീണ്ടും നടപ്പിയാക്കുമെന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പരോക്ഷ പ്രസ്താവനയെ കടുത്ത ഭാഷയിലാണ് ടിക്കായത്ത് വിമർശിച്ചത്. കൃഷി മന്ത്രിയുടെ പ്രസ്താവന കർഷകരെ കബളിപ്പിക്കുന്നതും പ്രധാനമന്ത്രിയെ അപമാനിക്കുന്നതും ആണെന്നായിരുന്നു ടിക്കായത്തിന്റെ പ്രതികരണം. നിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കിയിരുന്നു.

രാജ്യത്തുടനീളമുയർന്ന ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബർ 19 നാണ് മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. കർഷകരോട് മാപ്പ് പറഞ്ഞുകൊണ്ടായിരുന്നു പ്രഖ്യാപനം. തുടർന്ന് നവംബർ 23 ന് ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിയമം പിന്‍വലിക്കുന്നതിനുള്ള റിപ്പെല്‍ ബില്ലുകൾ പാസാക്കപ്പെട്ടു. ഇതോടെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിച്ചിരുന്ന കര്‍ഷകര്‍ സമരം മതിയാക്കി വീടുകളിലേക്കു മടങ്ങുകയും ചെയ്തു.


Next Story