Top

'തീവ്രവാദത്തിന്റെ അന്ത്യത്തിന്റെ പ്രതീകമാണ് ദീപാവലി'; സൈനിക ശക്തി ഇനിയും കൂടുമെന്ന് പ്രധാനമന്ത്രി

യുദ്ധമെന്നത് അവസാന വഴി മാത്രമാണെന്നും സമാധാന ചര്‍ച്ചകളിലൂടെയുളള പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു

24 Oct 2022 9:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീവ്രവാദത്തിന്റെ അന്ത്യത്തിന്റെ പ്രതീകമാണ് ദീപാവലി; സൈനിക ശക്തി ഇനിയും കൂടുമെന്ന് പ്രധാനമന്ത്രി
X

കാര്‍ഗില്‍: ഈ വര്‍ഷവും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ല്‍ അധികാരത്തിലെത്തിയത് മുതല്‍ ദീപാവലി ദിനത്തില്‍ വിവിധ സൈനിക കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കാറുണ്ട്. ഇത്തവണ കാര്‍ഗിലിലായിരുന്നു ആഘോഷം. കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നെന്നും അത് നേരിട്ട് മനസിലാക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.

തീവ്രവാദത്തിന്റെ അന്ത്യത്തിന്റെ പ്രതീകമാണ് ദീപാവലി എന്നും കാര്‍ഗിലില്‍ തീവ്രവാദത്തിന്റെ വേരറക്കുവാന്‍ ഇന്ത്യന്‍ സൈന്യത്തിനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധമെന്നത് അവസാന വഴി മാത്രമാണെന്നും സമാധാന ചര്‍ച്ചകളിലൂടെയുളള പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതകളുടെ പ്രാതിനിധ്യം വര്‍ധിക്കുനതോടെ സൈന്യത്തിന്റെ ശക്തി ഇനിയും കൂടുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ എട്ട് വര്‍ഷമായി സായുധ സേനയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വിന്യസിച്ചും അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കിയും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. അതിര്‍ത്തികള്‍ സുരക്ഷിതവും സമ്പദ് വ്യവസ്ഥ ശക്തവും സമൂഹം ആത്മവിശ്വാസം നിറഞ്ഞതുമാകുമ്പോള്‍ ഒരു രാഷ്ട്രം സുരക്ഷിതമാകുന്നുവെന്ന് പ്രധാന മന്ത്രി പറഞ്ഞു.

ഇന്ത്യയെ ആക്രമിക്കാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങുകയാണെങ്കില്‍ അത് പ്രധിരോധിക്കാന്‍ കര, നാവിക, വ്യോമ സൈന്യങ്ങള്‍ക്ക് അറിയാമെന്നും ഇന്ത്യന്‍ സൈന്യം കരുത്തേറിയതാണെന്നും മോദി അവകാശപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആത്മനിര്‍ഭര്‍ ഭാരത് വളരെ പ്രധാനപ്പെട്ടതാണെന്നും വിദേശ സുരക്ഷാ സംവിധാനങ്ങളിലും ആയുധങ്ങളിലും രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോദി ദീപാവലി ആഘോഷിച്ചിരുന്നത് ജമ്മുവിലെ നൗഷേരയിലായിരുന്നു. 2020 ല്‍ ജയ്‌സാല്‍മറിലും 2019 ല്‍ ജമ്മുവിലെ രാജൗരി ജില്ലയിലും 2018 ല്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡറിലുമാണ് മോദി ദീപാവലി ആഘോഷിച്ചത്.

STORY HIGHLIGHTS: 'Diwali symbolizes the end of terrorism'; The Prime Minister said that the military strength will increase further

Next Story