ഗുജറാത്തില്‍ ബിജെപിക്ക് വിമത ശല്യം രൂക്ഷം; ഏഴ് വിമത എംഎല്‍എമാര്‍ക്കെതിരെ അച്ചടക്ക നടപടി
ബിജെപി 42 സിറ്റിങ് എംഎൽഎമാർക്ക് ഇത്തവണ മത്സരിക്കാൻ അവസരം നൽകിയിട്ടില്ല
21 Nov 2022 7:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗാന്ധിനഗർ: വിമത ശല്യം രൂക്ഷമായ ഗുജറാത്ത് ബിജെപിയിൽ ഏഴ് വിമത എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന വിമതർക്കെതിരെയാണ് അച്ചടക്ക നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ആറ് വർഷത്തേക്ക് ഇവരെ സസ്പെൻഡ് ചെയ്തുവെന്ന് ബിജെപി ഗുജറാത്ത് പ്രസിഡന്റ് സിആർ പാട്ടീലിനെ ഉദ്ധരിച്ച് ബിജെപിയിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
നർമ്മദ ജില്ലയിൽ നിന്നുളള ഹർഷദ് വാസവ, ജുനഗഡിലെ കേശോദ് ജുനഗഡിൽ നിന്ന് ജനവിധി തേടാനിരുന്ന അരവിന്ദ് ലദാനി, സുരേന്ദ്രനഗറിലെ ധ്രംഗധ്രയിൽ നിന്നുള്ള ഛത്തർ സിംഗ് ഗുഞ്ചാരിയ, കേദൻ ഭായ് പട്ടേൽ, ഭാരത് ഭായ് ചാവ്ഡ, ഉദയ് ഭായ് ഷാ, കരൺ ഭായ് ബരയ്യ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്.
ബിജെപി 42 സിറ്റിങ് എംഎൽഎമാർക്ക് ഇത്തവണ മത്സരിക്കാൻ അവസരം നൽകിയിട്ടില്ല. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർ മാറ്റി നിർത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2017ൽ ബിജെപി 182 സീറ്റിൽ 99 സീറ്റ് നേടി അധികാരത്തിലേറിയിരുന്നു.
ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, സിആർ പാട്ടീൽ എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തുടർഭരണത്തിനുള്ള ശ്രമത്തിലാണ് ബിജെപി. രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ ഒന്ന് മുതൽ അഞ്ചു വരെയാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിന് ഫലമറിയും.
STORY HIGHLIGHTS: Disciplinary action against seven rebel MLAs In Gujarat, BJP