Top

'തകര്‍ക്കല്‍ തടയാനാകില്ല'; യുപി സര്‍ക്കാരിന്റെ ബുള്‍ഡോസിങ്ങില്‍ സുപ്രീം കോടതി

പൊളിക്കൽ നടപടി അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആണ് കോടതിയെ സമീപിച്ചത്.

16 Jun 2022 9:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തകര്‍ക്കല്‍ തടയാനാകില്ല; യുപി സര്‍ക്കാരിന്റെ ബുള്‍ഡോസിങ്ങില്‍ സുപ്രീം കോടതി
X

ന്യൂഡൽഹി: പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ പൊളിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. പകരം വിഷയത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. അടുത്ത ചൊവ്വാഴ്ച ഹർജി വീണ്ടും പരി​ഗണിക്കും.

കെട്ടിടങ്ങൾ പൊളിക്കുന്നത് പ്രതികാര നടപടിയാവരുത്, അത് നിയമ പ്രകാരമായിരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. 'എല്ലാം ന്യായമായി കാണണം... അധികാരികൾ നിയമാനുസൃതമായി മാത്രമേ പ്രവർത്തിക്കൂ എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അനിഷ്ടകരമായതൊന്നും സംഭവിക്കാതിരിക്കാൻ സുരക്ഷ ഉറപ്പാക്കുക,' എന്ന് ഹർജി പരി​ഗണിക്കവെ ജഡ്ജിമാർ പറഞ്ഞു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുൾപ്പെടുന്ന അവധിക്കാല ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

പൊളിക്കൽ നടപടി അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആണ് കോടതിയെ സമീപിച്ചത്. ഒരു മതത്തെ ലക്ഷ്യമിട്ടുള്ള നടപടിയാണ് പൊളിക്കലിന്റെ പേരിൽ നടക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു.

എന്നാൽ നിയമാനുസൃതമായാണ് പൊളിക്കൽ നടപടിയെന്നും രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും യുപി സർക്കാർ ആവശ്യപ്പെട്ടു. എല്ലാ നടപടികളും പൂർത്തിയാക്കിയാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കൽ നടപടി സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചത്. എന്ത് കൊണ്ട് വീട് പൊളിക്കപ്പെട്ടവർ കോടതിയെ സമീപിക്കുന്നില്ലെന്ന് ഹർജി പരി​ഗണിക്കവെ കോടതി ചോദിച്ചു.

ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ അപകീർത്തി പരാമർശത്തിൽ പ്രതിഷേധിച്ചവരുടെ വീടുകളാണ് കാൺപൂര്, പ്രയാ​ഗ്രാജ് എന്നിവിടങ്ങളിൽ പൊളിച്ചുമാറ്റിയതെന്നായിരുന്നു ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ആരോപണം.

STORY HIGHLIGHTS: demolition must be according to law says supreme court on up bulldozer action

Next Story