Top

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

ജാമ്യാപേക്ഷയിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു

18 Oct 2022 10:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി
X

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജെഎൻയു സർവകലാശാല മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യപേക്ഷ തളളി ഡൽഹി ഹൈക്കോടതി. സിദ്ധാർത്ഥ് മൃദുൽ, രജനിഷ് ഭട്നാഗർ എന്നിവരടങ്ങിയ ബെഞ്ച് ആണ് ജാമ്യാപേക്ഷ തളളിയത്. ജാമ്യാപേക്ഷയിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. കലാപത്തിന് പിന്നിലെ ​ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിലാണ് ജാമ്യം നിഷേധിച്ചത്. കലാപത്തിൽ തനിക്ക് പങ്കില്ലെന്നും മറ്റ് പ്രതികളുമായി ​ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കാണിച്ചാണ് ഉമർ ഖാലിദ് ജാമ്യാപേക്ഷ നൽകിയിരുന്നത്.

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി പൊലീസും തളളിയിരുന്നു. 2020 ഫെബ്രുവരിയിൽ സിഎഎ സമരത്തിനിടെ നടന്ന കലാപത്തിന്റെ സൂത്രധാരൻമാരെന്ന് ആരോപിച്ച് ആണ് ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്യുന്നത്. 2020 സെപ്തംബറിലാണ് ​ഉമർ ഖാലിദിനെ ഡൽഹി പൊലീസ് പിടികൂടുന്നത്.

പൗരത്വ ബില്ലിനെതിരെയുളള സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് ഉമർ ഖാലിദിനെതിരെ കേസ് എടുത്തിട്ടുളളത്. ഡൽഹി കലാപത്തിന്റെ ഗൂഢാലോചന കേസിൽ 18 പേരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ 6 പേർക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.

2020 ഫെബ്രുവരിയിലെ നടന്ന സംഭവത്തെ കലാപത്തിലേക്ക് നയിക്കാൻ ഉമർ ഖാലിദ് മുൻകൂട്ടി ആസൂത്രണം ചെയ്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഐപിസി വകുപ്പു പ്രകാരം കലാപത്തിന് പ്രേരിപ്പിക്കൽ, മതസ്പർദ്ധ വളർത്തൽ, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തൽ എന്നിവ ഉമർ ഖാലിദിന് നേരെ ഉന്നയിക്കുന്നുണ്ട്. നേരത്തെ ഡൽഹി കർക്കർദൂമ കോടതിയും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

STORY HIGHLIGHTS: Delhi High Court Reject JNU Former Student Leader Umar Khalid's Bail Plea in UAPA case

Next Story