Top

മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡ്; 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് മലയാളികളും

20 Aug 2022 3:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡ്; 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
X

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിന് പിന്നാലെ 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. മദ്യ നയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ വസതിയില്‍ 14 മണിക്കൂര്‍ നീണ്ട പരിശോധന നടന്നത്.

ആരോഗ്യ സെക്രട്ടറി ഉദിത് പ്രകാശ് റായെ ഭരണ പരിഷ്‌കരണ വകുപ്പിലേക്ക് മാറ്റി. സിസോദിയയാണ് നിലവില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്നത്. ഉദിത് പ്രകാശ് റായ്ക്ക് പകരം വിജേന്ദ്ര സിങ് റാവത്തിന് ചുമതല നല്‍കി. ഡല്‍ഹി ഫിനാന്‍സ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായിരുന്നു വിജേന്ദ്ര സിങ്.

ഹേമന്ത് കുമാറാണ് ഡിഎഫ്‌സിയുടെ പുതിയ ഡയറക്ടര്‍. ഐടി സെക്രട്ടറിയായി വിവേക് പാണ്ഡെയെ നിയമിച്ചു. ഷുര്‍ബില്‍ സിങ്, ഗര്‍മ ഗുപ്ത, ആഷിഷ്, കൃഷ്ണ കുമാര്‍, കല്യാണ്‍ സഹായ് മീന, സോനല്‍ സ്വരൂപ് എന്നീ ഉദ്യോഗസ്ഥരെയാണ് ഗവർണർ സ്ഥലം മാറ്റിയത്.

അതേസമയം, മനീഷ് സിസോദിയ്ക്കെതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ നയവുമായി ബന്ധപ്പെട്ട കേസുകളില്‍ 50 ലക്ഷം കൈക്കൂലി നല്‍കിയെന്നും ഇതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയെടുക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ആവശ്യപ്പെട്ടു.

മനീഷ് സിസോദിയയുടെ വസതിയിലുള്‍പ്പെടെ 21 ഇടങ്ങളിലാണ് വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടന്നത്. മുന്‍ എക്‌സൈസ് കമ്മീഷ്ണര്‍ ആരവ ഗോപികൃഷ്ണ ഐഎഎസിനെതിരെയും അന്വേഷണം നടത്തുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് രണ്ടാം ആംആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ച മദ്യ നയം പിന്‍വലിച്ചിരുന്നു. ക്രമക്കേടും അഴിമതിയും ആരോപിച്ച് ഡല്‍ഹി ഗവര്‍ണര്‍ വി കെ സക്‌സേന കേന്ദ്ര ഏജന്‍സിയോട് വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നുണ്ട്. വിജയ് നായർ, അരുൺ രാമചന്ദ്ര പിള്ള എന്നിവരാണ് പ്രതിചേർക്കപ്പെട്ടത്.

മദ്യവില്‍പ്പനയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഒഴിവാക്കി പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന നയമാണ് സര്‍ക്കാര്‍ നവംബറില്‍ അവതരിപ്പിച്ചത്. പുതിയ നയം സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കും, യോഗ്യതയില്ലാത്തവര്‍ മദ്യവില്‍പ്പനയിലേക്ക് കടന്നു വരും, ആംആദ്മി മദ്യ ലോബികളില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് ജൂലൈ 30ന് സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലൂടെ മാത്രമെ മദ്യ വില്‍പ്പന നടത്തുകയുള്ളൂയെന്ന് മനീഷ് സിസോദിയ പ്രഖ്യാപിച്ചു. മദ്യനയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

STORY HIGHLIGHTS: Delhi Governor Transfers 12 Bureaucrats After Raid On Manish Sisodia

Next Story