Top

ആസാദ് കശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്

വിവാദ പോസ്റ്റിന്റെ പേരില്‍ കേസ് എടുക്കണമെന്ന് ബിജെപി പ്രവര്‍ത്തകനും അഭിഭാഷകനുമായ ജി എസ് മണി ഡല്‍ഹി പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ ഇടാതിരുന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു

12 Sep 2022 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആസാദ് കശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്
X

ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

വിവാദ പോസ്റ്റിന്റെ പേരില്‍ കേസ് എടുക്കണമെന്ന് ബിജെപി പ്രവര്‍ത്തകനും അഭിഭാഷകനുമായ ജി എസ് മണി ഡല്‍ഹി പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ ഇടാതിരുന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യദ്രോഹ കേസ് എടുക്കണമെന്നായിരുന്നു് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിക്കാരന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഏതെല്ലാം വകുപ്പുകളാണ് ചുമത്തേണ്ടതെന്ന കോടതി നിര്‍ദേശിച്ചിട്ടില്ല. ഉചിതമായ വകുപ്പുകള്‍ ചേര്‍ത്ത കേസ് എടുക്കാനാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാകിസ്താന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ ടി ജലീല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയത്. അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നുമുളള പ്രതികരണവുമായി ജലീല്‍ രംഗത്തു വന്നിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയ്ക്കായി അത് പിന്‍വലിക്കുകയാണെന്നും ജലീല്‍ പറഞ്ഞു. വിവാദമായ പരാമര്‍ശങ്ങള്‍ നീക്കി 1947ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി.

Story highlights: Delhi court ordered to file case against kt jaleel

Next Story