ദസോജു ശ്രാവണ്‍ കോണ്‍ഗ്രസ് വിടുന്നു; തീരുമാനത്തില്‍ നിന്ന് പിന്മാറാനില്ലെന്ന് വ്യക്തമാക്കി ദേശീയ വക്താവ്
5 Aug 2022 2:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹൈദരാബാദ്: എംഎല്‍എയായ കോമട്ടിറെഡ്ഡി രാജഗോപാല റെഡ്ഡി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ദേശീയ വക്താവ് ദസോജു ശ്രാവണ്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.
പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്ന് ദസോജു ശ്രാവണ്‍ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി നേതൃത്വത്തിലെത്തിയതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായെന്ന് ദസോജു ശ്രാവണ്‍ ആരോപിച്ചു. ഒരടിമയെ പോലെ ജീവിക്കാന്‍ തനിക്ക് സാധിക്കില്ല. അത് കൊണ്ട് രാജിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ മുന്‍കൈയ്യെടുത്ത സോണിയാ ഗാന്ധിയുടെ നടപടിയില്‍ ആകൃഷ്ടനായാണ് താന്‍ 2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രേവന്ത് റെഡ്ഡി സംസ്ഥാന അദ്ധ്യക്ഷനായതിന് ശേഷം പണത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കുകയാണ്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും എല്ലാ തത്വങ്ങളെയും രേവന്ത് റെഡ്ഡി അട്ടിമറിച്ചെന്നും ദസോജു ശ്രാവണ്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് മാണിക്കം ടാഗോറിനെയും തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെതിരെയും ദസോജു ശ്രാവണ്‍ വിമര്‍ശനമുന്നയിച്ചു. ദസോജു ശ്രാവണ്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ കോതണ്ഡ റെഡ്ഡിയും മഹേഷ് കുമാറും എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തന്റെ തീരുമാനത്തില്‍ നിന്ന് പിന്നിലേക്കില്ലെന്നായിരുന്നു ദസോജു ശ്രാവണിന്റെ മറുപടി.
Story Highlights: Dasoju Sravan decides to quit congress