യോഗി മന്ത്രിസഭയില്‍ വീണ്ടും രാജി; ആറ് പ്രമുഖര്‍ സമാജ്വാദ് പാര്‍ട്ടിയിലേക്ക്, ബിജെപിക്ക് തലവേദന
രാജിവെച്ചവരെല്ലാം സമാജ്വാദി പാര്‍ട്ടിയിലേക്ക് ചേക്കേറും
12 Jan 2022 10:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്നൗ: യോഗി ആതിഥ്യനാഥ് മന്ത്രിസഭയില്‍ വീണ്ടും രാജി. വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ധാര സിംഗ് ചൗഹാനാണ് രാജിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു മന്ത്രിസഭാംഗം സ്വാമി പ്രസാദ് മൗര്യ രാജിവെച്ചിരുന്നു. ഇരുമന്ത്രിമാരും ഒബിസി നേതാക്കളാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലെ തുടര്‍ച്ചയായി രാജി ബിജെപിക്ക് തലവേദന സൃഷ്ടിക്കുകയാണ്. നിലവില്‍ രണ്ട് മന്ത്രിമാരും നാല് എംഎല്‍എമാരുമാണ് ബിജെപിയില്‍ നിന്ന് പിണങ്ങി നില്‍ക്കുന്നത്.
രാജിവെച്ചവരെല്ലാം സമാജ്വാദി പാര്‍ട്ടിയിലേക്ക് ചേക്കേറും. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയം യോഗി ആതിഥ്യനാഥിനെ സംബന്ധിച്ചടത്തോളം അഭിമാന പോരാട്ടമാണ്. കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ യുപിയില്‍ വിജയം ബിജെപിക്ക് അനിവാര്യമാണ്. പുതിയ സാഹചര്യത്തെ രാഷ്ട്രീയമായി മുതലെടുപ്പ് നടത്താന്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിക്കും. യോഗിക്കെതിരെ സ്വന്തം പാളയത്തില്‍ നടക്കുന്ന കരുനീക്കങ്ങള്‍ ഇതോടെ മറനീക്കി പുറത്തുവരികയാണ്.
റോഷന് ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നീ നാല് എം.എല്‍.എമാരാണ് മൗര്യക്കൊപ്പം ഇന്നലെ രാജിവെച്ചത്. കൂടുതല്‍ പേര് തനിക്കൊപ്പം വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ധാരാ സിംഗിന്റെ രാജി. എന്റെ നീക്കം ബി.ജെ.പിയില്‍ ഭൂചലനത്തിന് കാരണമായി. തന്റെ ഒപ്പം കൂടുതല്‍ മന്ത്രിമാരും എം. എല്‍. എമാരും പാര്‍ട്ടി വിടുമെന്നും മൗര്യ പറഞ്ഞു.