Top

യുപിയിലെ ദളിത് പെൺകുട്ടികളുടെ കൊലപാതകം; ആറ് പ്രതികൾ അറസ്റ്റിൽ

പെൺകുട്ടികളെ പ്രതികൾക്ക് പരിചയപ്പെടുത്തികൊടുത്തത് അയൽവാസിയായ ഛോട്ടുവാണ്

15 Sep 2022 9:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയിലെ ദളിത് പെൺകുട്ടികളുടെ കൊലപാതകം; ആറ് പ്രതികൾ അറസ്റ്റിൽ
X

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ രണ്ട് ദളിത് പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. പെൺകുട്ടികളുടെ അയൽവാസിയായ ഛോട്ടു, ജുനൈദ്, സുഹൈല്‍, ഹഫീസുള്‍, കരീമുദ്ദീന്‍, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജുനൈദിനെ ഏറ്റുമുട്ടലിനിടെയാണ് പിടികൂടിയത്. ഇയാളുടെ കാലിന് വെടിയേറ്റിട്ടുണ്ട്.

പെൺകുട്ടികളെ പ്രതികൾക്ക് പരിചയപ്പെടുത്തികൊടുത്തത് അയൽവാസിയായ ഛോട്ടുവാണ്. പിന്നീട് പ്രതികളായ സുഹൈൽ, ജുനൈദ് എന്നിവരുമായി പെൺകുട്ടികൾ സൗഹൃദത്തിലായി. ഇവർക്കൊപ്പം പെൺകുട്ടികൾ ബുധനാഴ്ച ബൈക്കിൽ കയറിപ്പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കരിമ്പിൻതോട്ടത്തിലെത്തിച്ച പെൺകുട്ടികളെ സുഹൈലും, ജുനൈദുമാണ് ബലാത്സം​ഗം ചെയ്തത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഹഫീസുളളിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ കരീമുദ്ദീന്‍, ആരിഫ് എന്നിവരെ കൂടി വിളിച്ചുവരുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രിയാണ് 15 ഉം 17ഉം പ്രായമുളള പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അയൽ​ഗ്രാമത്തിൽ നിന്നുളള യുവാക്കൾ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിച്ചത്. സംഭവത്തിന് പിന്നാലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരുക്കുകളോ ഇല്ലെന്ന് ഐജി ലക്ഷ്മി സിങ് പറഞ്ഞു. വിദഗ്ധരുടെ സംഘമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിക്കുക. കുടുംബം നല്‍കിയ പരാതി അനുസരിച്ച് എഫ്‌ഐആര്‍ തയ്യാറാക്കുമെന്നും ലക്ഷ്മി സിങ് അറിയിച്ചു.

STORY HIGHLIGHTS: Dalit sisters Death; Six Persons Arrested in Uttar Pradesh

Next Story