Top

'അഴിമതിയ്ക്ക് കൂട്ട് നില്‍ക്കില്ല'; 'ബംഗാള്‍ കൈയ്യടക്കാനെത്തുന്നവര്‍ക്ക് മുതലയുടെ കടിയേല്‍ക്കുമെന്ന്' മമതാ ബാനര്‍ജി

അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുബനേശ്വറിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് മമതാ ബാനര്‍ജി ചോദിക്കുന്നു

26 July 2022 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഴിമതിയ്ക്ക് കൂട്ട് നില്‍ക്കില്ല; ബംഗാള്‍ കൈയ്യടക്കാനെത്തുന്നവര്‍ക്ക് മുതലയുടെ കടിയേല്‍ക്കുമെന്ന് മമതാ ബാനര്‍ജി
X

കൊല്‍ക്കത്ത: ബംഗാള്‍ കൈയ്യടക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തില്‍ താക്കീതുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ഭരണം നേടാന്‍ ബിജെപി ശ്രമിക്കുന്നത് പോലും ബംഗാള്‍ ജനതയ്ക്ക് അപമാനമാണ്. ബംഗാളിലേക്കുള്ള യാത്രയില്‍ മുതലയേയും ബംഗാള്‍ കടുവയേയും നേരിടേണ്ടി വരും.

അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുബനേശ്വറിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് മമതാ ബാനര്‍ജി ചോദിക്കുന്നു. അഴിമതിക്ക് കൂട്ട് നില്‍ക്കില്ലെങ്കിലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തൃണമൂലിനെ തകര്‍ക്കാമെന്ന് ബിജെപി വിചാരിക്കണ്ട എന്നും മമതാ ബാനര്‍ജി പറഞ്ഞു.

'പാര്‍ത്ഥ ചാറ്റര്‍ജി ചികിത്സയിലായിരുന്ന കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രി രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രിയാണ്. അവിടെ നിന്നും കേന്ദ്ര സര്‍ക്കാരിന് സ്വാധീനമുള്ള ആശുപത്രിയിലേക്ക് എന്തിനാണ് കൊണ്ടുപോയത്? എന്തുകൊണ്ട് ഇഎസ്‌ഐ ആശുപത്രിയിലേക്കോ കമാന്‍ഡ് ആശുപത്രിയിലേക്കോ മാറ്റിയില്ല? എന്താണ് അവരുടെ ഉദ്ദേശം? ഇത് ബംഗാള്‍ ജനതയ്ക്ക് അപമാനമല്ലേ? നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കളങ്കരും മറ്റ് സംസ്ഥാനങ്ങള്‍ കള്ളന്മാരുമാണോ? കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലെത്തിയത് ഈ സംസ്ഥാനങ്ങളിലെ വോട്ട് നേടിയാണ്', മമതാ ബാനര്‍ജി പറഞ്ഞു.

'മഹാരാഷ്ട്രയ്ക്ക് ഇത്തവണ പൊരുതാനായി കഴിഞ്ഞില്ല. മഹാരാഷ്ട്രയ്ക്ക് ശേഷം ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേടുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബംഗാളിലേക്ക് വരുന്നതിനായി അവര്‍ക്ക് ബംഗാള്‍ ഉള്‍ക്കടല്‍ മുറിച്ചു കടക്കണം. അവിടെ നിങ്ങളെ മുതലകള്‍ ആക്രമിക്കും. സുന്ദര്‍ബന്‍ പ്രദേശത്തെത്തിയാല്‍ ബംഗാള്‍ കടുവ നിങ്ങളെ നേരിടും. വടക്കന്‍ ബംഗാളില്‍ ആനകള്‍ നിങ്ങള്‍ക്ക് മേല്‍ കയറിയിറങ്ങും', മമതാ ബാനര്‍ജി താക്കീതു നല്‍കി.

'ഞാന്‍ അഴിമതിക്കോ തെറ്റുകള്‍ക്കോ കൂട്ട് നില്‍ക്കുന്ന വ്യക്തിയല്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എന്റെ പാര്‍ട്ടിയെ തകര്‍ക്കാം എന്നത് ബിജെപിയുടെ തെറ്റിദ്ധാരണയാണ്. ഒരു സമയ പരിധിക്കുള്ളില്‍ ആണെങ്കിലും സത്യം പുറത്ത് വന്നേ തീരൂ. തെറ്റ് ചെയ്യുന്നവരെ ഞാന്‍ വെറുതേ വിടില്ല. കള്ളനായാലും കൊള്ളക്കാരനായാലും ശരി തൃണമൂല്‍ കോണ്‍ഗ്രസ് നടപടിയെടുക്കും. എംഎല്‍എമാര്‍, എംപിമാര്‍ എന്തിന് മന്ത്രിമാരെ പോലും ഞാന്‍ വെറുതേ വിടില്ല. പക്ഷേ എനിയ്ക്കു മേല്‍ മഷിയൊഴിക്കാന്‍ നോക്കിയാല്‍ നിങ്ങള്‍ക്കുമേല്‍ കുപ്പയെറിയാന്‍ എനിയ്ക്ക് കഴിയും', മമതാ ബാനര്‍ജി പറഞ്ഞു.

അധ്യാപന നിയമ അഴിമതി കേസില്‍ അറസ്റ്റിലായ ശേഷം പാര്‍ത്ഥ ചാറ്റര്‍ജിയുടെ കോളുകള്‍ മമതാ ബാനര്‍ജി സ്വീകരിക്കുന്നില്ല എന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. പാര്‍ത്ഥാ ചാറ്റര്‍ജിയില്‍ നിന്ന് മമതാ ബാനര്‍ജി അകലം പാലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Story Highlights: Crocodiles will bite you, Mamata Banerjee to BJP after Minister's Arrest

Next Story