Top

'യുപിയിൽ ബിജെപിയുടെ വിജയത്തിന് പിന്നിൽ വർ​ഗീയ ധ്രുവീകരണവും, മാധ്യമ നിയന്ത്രണവും, പണാധിപത്യവും'; സിപിഐഎം

തെരഞ്ഞെടുപ്പ് ഫലങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ആധിപത്യത്തെ സൂചിപ്പിക്കുന്നു.

10 March 2022 3:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയിൽ ബിജെപിയുടെ വിജയത്തിന് പിന്നിൽ വർ​ഗീയ ധ്രുവീകരണവും, മാധ്യമ നിയന്ത്രണവും, പണാധിപത്യവും; സിപിഐഎം
X

ഡൽഹി: ഉത്തർപ്രദേശിൽ ബിജെപി വിജയിക്കുന്നതിന് കാരണം വർ​ഗീയ ധ്രുവീകരണവും മാധ്യമ നിയന്ത്രണവും, പണാധിപത്യവുമാണെന്ന് സിപിഐഎം. ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലേറുകയാണ്. മറ്റു മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി വിജയപ്പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പഞ്ചാബിൽ വൻ വിജയത്തോടെ ആം ആദ്മി പാർട്ടി ദേശീയ രാഷ്ട്രീയത്തിൽ സാന്നിധ്യം പ്രഖ്യാപിച്ചുവെന്നും സിപിഐഎം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

"യുപി തെരഞ്ഞെടുപ്പിൽ ബിജെപി തുടർച്ചയായി രണ്ടാമതും വിജയം നേടി. തീവ്രമായ വർഗീയ ധ്രുവീകരണത്തിലൂടേയും, വലിയ മാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണത്തിലൂടേയും, അപാരമായ പണാധിപത്യം എന്നിവയിലൂടെ ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിൽ യുപിയിൽ സർക്കാർ നിലനിർത്തി. ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നതിനിടയിലും ആശ്വാസമായി സൗജന്യ ഭക്ഷ്യധാന്യം നൽകിയത് പോലുള്ള യോ​ഗി സർക്കാരിന്റെ നടപടികൾ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് " സിപിഐഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.

പഞ്ചാബിൽ ആം ആദ്മി വൻ വിജയമാണ് കരസ്ഥമാക്കിയത്. രണ്ട് പരമ്പരാ​ഗത പാർട്ടികളായ കോൺ​ഗ്രസിനേയും അകാലിദളിനേയും തഴഞ്ഞുകൊണ്ട് പഞ്ചാബിലെ ജനങ്ങൾ ആം ആദ്മിക്ക് വോട്ട് ചെയ്തു. ബിജെപിയെ നേരിടാൻ ജനാധിപത്യ ശക്തികൾ തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതുണ്ടെന്നും പാർട്ടി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് ഫലങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ആധിപത്യത്തെ സൂചിപ്പിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ ശക്തികൾ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിനും അതിന്റെ നയങ്ങൾക്കും, സ്വേച്ഛാധിപത്യത്തിനുമെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിയാക്കുമെന്നും സിപിഐഎം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ഖൊരഖ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് വിജയിച്ചുകയറിയതോടെ ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ്. ഒടുവില്‍ ലഭിക്കുന്ന ഫലസൂചന പ്രകാരം ബിജെപി 274 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി 124 സീറ്റിലും ബിഎസ്പി 1 സീറ്റിലും കോണ്‍ഗ്രസ് 2 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

STORY HIGHLIGHTS: Behind the BJP's Victory in UP is that Communal Polarization, Media Control and Money Domination; CPIM


Next Story