Top

'ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ബിജെപി ബൈക്കുകളെ കുറിച്ച് അന്വേഷണം നടത്തണം'; ത്രിപുരയില്‍ സിപിഐഎം

2018ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണവും വിലപിടിപ്പുള്ള വസ്തുക്കളും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു

16 Sep 2022 8:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ബിജെപി ബൈക്കുകളെ കുറിച്ച് അന്വേഷണം നടത്തണം; ത്രിപുരയില്‍ സിപിഐഎം
X

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ഉടമസ്ഥതയിലുള്ള ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷന്‍ ബൈക്കുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം. ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി കത്ത് നല്‍കി.

കഴിഞ്ഞ ഒരാഴ്ചയായി സെക്രട്ടറിയേറ്റിനടുത്തെ സര്‍ക്കാര്‍ നടത്തുന്ന ഭഗത് സിംഗ് യൂത്ത് ഹോസ്റ്റലിന്റെ പരിസരത്തായി ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത നൂറു കണക്കിന് ബൈക്കുകള്‍ എത്തിയതായി അറിയാന്‍ കഴിഞ്ഞു. ഈ ബൈക്കുകളുടെ ഉടമകള്‍ ആരാണെന്ന് സര്‍ക്കാര്‍ പറയുന്നില്ല. വാങ്ങിയതാണോ, സംഭാവനയാണോ, വാടകയ്ക്കാണോ ഈ ബൈക്കുകള്‍ ഇവിടെ വന്നതെന്ന് വെളിപ്പെടുത്തുന്നില്ലെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു.

2018ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണവും വിലപിടിപ്പുള്ള വസ്തുക്കളും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. നൂറു കണക്കിന് ബൈക്കുകളും കാറുകളും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പോലും കൊടുത്തു. ഈ ബൈക്കുകള്‍ പ്രതിപക്ഷത്തെ പിന്തുണച്ചവരെ അടിച്ചമര്‍ത്താനും സാധാരണ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനും ഉപയോഗിച്ചെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു.

Story highlights: Cpim said to enquire the uttar pradesh registered bikes in tripura



Next Story