Top

'ഹിന്ദുത്വയും വഹാബിസവും ഒരുപോലെ എതിര്‍ക്കപ്പെടണം'; മുസ്ലിം കണ്‍വെന്‍ഷനുമായി കര്‍ണാടക സിപിഐഎം

വിവിധ ജില്ലകളില്‍ നിന്നുള്ള 2,000ത്തിലേറെ പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്

27 May 2022 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദുത്വയും വഹാബിസവും ഒരുപോലെ എതിര്‍ക്കപ്പെടണം; മുസ്ലിം കണ്‍വെന്‍ഷനുമായി കര്‍ണാടക സിപിഐഎം
X

ബെംഗളൂരു: കര്‍ണ്ണാടകയുടെ തീരദേശ മേഖലയില്‍ മുസ്ലിം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. മെയ് അവസാനവാരം മംഗളൂരുവിലാണ് സിപിഐഎം കണ്‍വെന്‍ഷന്‍ നടത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട സാമൂഹിക ചിന്തകരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 2,000ത്തിലേറെ പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്കിടയില്‍ ബിജെപി ഇതര പാര്‍ട്ടികളും സ്വാധീനം നേടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിപിഐഎം ഇത്തരം നീക്കവുമായി മുന്നോട്ട് പോകുന്നതെന്നും ശ്രദ്ധേയമാണ്.

പരമ്പരാഗതമായി തൊഴിലാളി- സാമ്പത്തിക വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകുന്ന സിപിഐഎമ്മിന് തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇത് മറികടക്കുന്നതിന് വേണ്ടി കൂടിയുള്ളതാണ് പുതിയ നീക്കമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വത്വവാദ രാഷ്ട്രീയത്തോട് പിന്‍തിരിഞ്ഞു നില്‍ക്കുന്ന സിപിഐഎമ്മിന്റെ ഉയര്‍ന്ന സംഘടനാ സ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളായ മുസ്ലിം, ദളിത്, ആദിവാസികള്‍ എന്നിവരില്‍ നിന്നും നേതൃനിരയില്‍ അര്‍ഹമായ പ്രതിനിധ്യം ലഭിച്ചിട്ടില്ല എന്നതും ഹിന്ദുക്കള്‍ക്കും മുന്നാക്ക ജാതിയില്‍ നിന്നുള്ളവരും പുരുഷന്മാര്‍ക്കുമാണ് പ്രതിനിധ്യം എന്നതും ഇത്തരമൊരു പരിപാടിയുമായി മുന്നോട്ട് പോകാന്‍ സിപിഐഎമ്മിനെ പ്രേരിപ്പിച്ചതായി കണക്കാക്കുന്നു.

പാര്‍ട്ടിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ തുടക്കമാണിതെന്നും സ്വത്വ രാഷ്ട്രീയത്തോട് സിപിഐഎമ്മിന് തൊട്ടുകൂടായ്മയില്ലെന്ന് പ്രഖ്യാപിക്കാനാണ് പരിപാടിയെന്നും മുഖ്യ സംഘാടകനും കര്‍ണ്ണാടക സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീര്‍ കട്ടിപല്ല പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ തന്നെ സുന്നി- സൂഫി പാരമ്പര്യത്തിലുള്ള മുസ്ലിം വിഭാഗവുമായി സിപിഐഎമ്മിന് പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ ഇല്ലെന്നും അതേസമയം, വഹാബിസം മുന്നോട്ട് വെക്കുന്ന സംഘടനകളെ ഹിന്ദുത്വയെപ്പോലെ തന്നെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി പോലുള്ള സംഘടനകളും ചില പ്രദേശിക പള്ളി കമ്മിറ്റികളും തങ്ങളെ പല പഞ്ചായത്ത് മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളിലും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: CPIM Karnataka plans Muslim Convention in coastal Karnataka

Next Story