Top

വാക്‌സിന്‍ വില കുറച്ചു; സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപ വരെ സേവന നിരക്ക് ഈടാക്കാന്‍ അനുമതി

18 വയസിന് മുകളിലുള്ളവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് നല്‍കാനും തീരുമാനമായി.

9 April 2022 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്‌സിന്‍ വില കുറച്ചു; സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപ വരെ സേവന നിരക്ക് ഈടാക്കാന്‍ അനുമതി
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവി ഷീല്‍ഡിന്റേയും കൊവാക്‌സിന്റേയും വിലയാണ് കുറച്ചത്. കൊവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്ക് 225 രൂപയ്ക്ക് നല്‍കും. നേരത്തെ കൊവിഷീല്‍ഡ് ഒരു ഡോസിന് 600 രൂപയായിരുന്നു. 1200 രൂപയായിരുന്ന കൊവാക്‌സിന്റെ വിലയും 225 ആക്കി. സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 150 രൂപ വരെ സേവന നിരക്ക് ഈടാക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ വാക്‌സിന്റെ പരമാവധി വില ഡോസിന് 375 രൂപയായി.

18 വയസിന് മുകളിലുള്ളവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് നല്‍കാനും തീരുമാനമായി. ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നടക്കം കരുതല്‍ ഡോസ് സ്വീകരിക്കാനാകും. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസിന് അര്‍ഹത.

കൊവിന്‍ പ്ലാറ്റ്‌ഫോമില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ കരുതല്‍ ഡോസിനായി പ്രത്യേക രജിസ്‌ട്രേഷന്‍ നടത്തണമെന്നില്ല. എന്നാല്‍ വാക്‌സിനേഷന്‍ കൊവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തപ്പെടണം. ഓണ്‍ലൈനായി വാക്‌സിനേഷന്‍ സമയം നിശ്ചയിക്കുന്നവരും സ്വകാര്യ കേന്ദ്രങ്ങളില്‍ നേരിട്ട് ചെല്ലുന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമാണ്. ആദ്യമെടുത്ത രണ്ട് ഡോസുകളുടേയും വിഭാഗത്തില്‍ പെട്ട വാക്‌സിന്‍ തന്നെയാകും കരുതല്‍ ഡോസായി നല്‍കുക. ആരോഗ്യ പ്രവര്‍ത്തകരും, കൊവിഡ് മുന്നണിപ്പോരാളികള്‍ക്കും 60 മുകളില്‍ പ്രായമുള്ളവര്‍ക്കും കരുതല്‍ ഡോസ് നല്‍കുന്നത് തുടരും.

Story Highlights: Covishield covaxin Vaccine Prices Revised For Private Hospitals

Next Story