കുറയാതെ കൊവിഡ്; തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍, മത ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാക്കി കേരളം
16 Jan 2022 1:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയാതെ തുടരുന്നു. പ്രതിദിനം രണ്ടര ലക്ഷത്തിന് മുകളില്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ വലിയ തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആചരിക്കും.
കേരളത്തിലും കൊവിഡ് വ്യാപനം അതീവ രൂക്ഷമാണ്. പതിനേഴായിരത്തിലധികം കേസുകളായിരുന്നു ശനിയാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 26 ശതമാനത്തില്‍ അധികരമാണ് പ്രതിദിന ടിപിആര്‍ നിരക്ക്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ് ജില്ലാ ഭരണകൂടം. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
ഇതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടിപിആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രമായിരിക്കും അനുമതി. ഇതിനിടെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. തിങ്കളാഴ്ച മുതല്‍ കോടതികള്‍ ഓണ്‍ലൈനായാകും പ്രവര്‍ത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയില്‍ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11-ന് പുനഃപരിശോധിക്കും.
- TAGS:
- COVID19
- Kerala Covid