ഗാന്ധി കുടുംബത്തിനായി പ്രകടനം; പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചു
പാര്‍ട്ടിയിലെ ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് വേണമെന്ന ആവശ്യമാണ് ഗഹ്ലോട്ട് മുന്നോട്ടു വെക്കുന്നത്.
13 March 2022 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിനായി പ്രകടനവുമായി നേതാക്കള്‍ രംഗത്ത്. എഐസിസി ആസ്ഥാനത്തിന് മുന്നിലാണ് പ്രവര്‍ത്തകരുടെ പ്രകടനം. അശോക് ഗഹ്ലോട്ട് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പിന്തുണച്ച് എത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് വേണമെന്ന ആവശ്യമാണ് ഗഹ്ലോട്ട് മുന്നോട്ടു വെക്കുന്നത്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം. പാര്‍ട്ടിയിലെ ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് വേണമെന്നും അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കവെയാണ് ഗാന്ധി കുടുംബത്തിനെ പിന്തുണച്ച് പ്രവര്‍ത്തകര്‍ ആസ്ഥാനത്തേക്ക് പ്രകടനവുമായി എത്തിയത്.
അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യം ശക്തമാക്കിയത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്നിക് വരണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് ജി 23 നേതാക്കള്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനവും, തെരഞ്ഞെടുപ്പ് തോല്‍വിക്കുളള കാരണവും, പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം അവലോകനം ചെയ്യും.
അതേസമയം, സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവില്‍ ദേശീയ മാധ്യമമായ എന്‍ഡിടിവി പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് അടക്കമുള്ള നിര്‍ണായകമായ അഞ്ച് സംസ്ഥനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉത്തരവാദിത്വങ്ങള്‍ ഒഴിയുമെന്നാണ് എന്‍ഡിടിവി ഇന്നലെ പുറത്തുവിട്ട വാര്‍ത്ത.
2019ലെ പൊതു തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഉത്തരവാദിത്വം സോണിയാ ഗാന്ധി ഏറ്റെടുത്തു. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയും ചുമതലയേറ്റു. അഭിമാന പോര് നടന്ന ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞതും പ്രിയങ്കയായിരുന്നു. അനൗദ്യോഗികമായി വഹിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്ന് രാഹുലും അധ്യക്ഷ സ്ഥാനത്തു നിന്ന് സോണിയയും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രിയങ്കയും ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാവും.
STORY HIGHLIGHTS: Congress workers support Gandhi family