Top

'പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ്, പ്രായോഗികമായി ചിന്തിക്കണം'; മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് തേജസ്വി യാദവ്

പല സംസ്ഥാനങ്ങളിലുടെനീളം കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെടുന്നതിനെ പ്രാദേശിക പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് യാദവിന്റെ പ്രതികരണം

12 Sep 2022 10:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ്, പ്രായോഗികമായി ചിന്തിക്കണം; മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് തേജസ്വി യാദവ്
X

ന്യൂഡല്‍ഹി: പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും മറ്റുള്ളവര്‍ പാര്‍ട്ടിയുടെ പ്രസക്തിയെ കുറിച്ച് പ്രായോഗികമായി ചിന്തിക്കണമെന്നും ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പല സംസ്ഥാനങ്ങളിലുടെനീളം കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെടുന്നതിനെ പ്രാദേശിക പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് യാദവിന്റെ പ്രതികരണം.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലു പ്രസാദും വിദേശത്തു നിന്നു തിരിച്ചെത്തിയാലുടന്‍ സോണിയ ഗാന്ധിയെ കാണുമെന്നും തേജസ്വി ദി ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിര പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് പ്രതിപക്ഷ നേതാക്കളുടെ ആഗ്രഹമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നല്ലൊരു തുടക്കമാണിത് ബിഹാര്‍ നല്ലൊരു രൂപ രേഖ നല്‍കിയിട്ടണ്ട് .അത് മറ്റെവിടെയെങ്കിലും ആവര്‍ത്തിക്കണം.നിതീഷ്ജി നിരവധി നേതാക്കളെ കണ്ടിട്ടുണ്ട്, ലാലുജിയും സംസാരിച്ചിട്ടുണ്ട്. ഞാനും കൂടിക്കാഴ്ച നടത്തുന്നുണ്ട്. സോണിയാജി തിരിച്ചെത്തിക്കഴിഞ്ഞാല്‍ മുന്നോട്ടുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ നിതീഷ്ജിയും ലാലുജിയും അവരെ കാണും' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ബിജെപിയുമായുള്ള ജെഡിയു സഖ്യം നിതീഷ് അവസാനിപ്പിച്ചിരുന്നു. ബിഹാറില്‍ പുതിയ സഖ്യം രൂപികരിക്കാന്‍ ആര്‍ജെഡി കോണ്‍ഗ്രസ്- ഇടതു പാര്‍ട്ടികളുമായി കൈകോര്‍ക്കുകയും ചെയ്തു.പ്രതിപക്ഷ നിരയില്‍ ഇത് പ്രതീക്ഷ ഉണ്ടാക്കിയെന്നും വരും ദിവസങ്ങളില്‍ രാജവ്യാപകമായി അത് പ്രതിഫലിക്കുമെന്നും യാദവ് പറഞ്ഞു.

'ഇത് തീര്‍ച്ചയായും ഒരു മാറ്റമുണ്ടാക്കും. ജെഡിയു വിട്ടതോടെ ബിജെപിയുടെ ശക്തി കുറഞ്ഞു. ഗണിതശാസ്ത്രപരമായി കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഡിയു, ഇടതുപക്ഷ പാര്‍ട്ടികളുടെ സംയുക്ത വോട്ട് വിഹിതം 50 ശതമാനത്തിന് മുകളിലാണ്. ബിഹാറില്‍ 40 ല്‍ 39 സീറ്റുകള്‍ നേടിയത് ബിജെപി ഇനി ആവര്‍ത്തിക്കാന്‍ പോകുന്നില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നേടാത്തതും ഇനി ആവര്‍ത്തിക്കില്ല. ഞങ്ങള്‍ കൈക്കോര്‍ത്ത് പോരാടുകയാണെങ്കില്‍ തീര്‍ച്ചയായും ബിജെപി പാതിവഴി നില്‍ക്കും'.യാദവ് പറഞ്ഞു.

പാര്‍ലമെന്റില്‍ അവരുടെ എണ്ണം കൂടുതലാണെന്ന് മറക്കുന്നില്ല. ആത്യന്തികമായി സംഖ്യകളായിരിക്കും നിര്‍ണായക ഘടകം, പ്രസ്താവനകളല്ല. ആളുകള്‍ പ്രയോഗികമായി ചിന്തിക്കുകയും സാഹചര്യം മനസ്സിലാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

' ഇത് ബിജെപിയെ അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണ്, അവരുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ അവര്‍ ഇപ്പോള്‍ 350 സീറ്റുകള്‍ ലക്ഷ്യമിടുന്നതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ തകര്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുറന്നടിച്ചു. ജെഡിയുവിനെ തകര്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചു.ഞങ്ങള്‍ രാജ്യത്തുടനീളം സഞ്ചരിച്ച് പ്രചരിച്ച സന്ദേശത്തിനു ഫലം കണ്ടു. ഇത് പ്രതിപക്ഷ നിരയില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്' ബിഹാറിലെ മാറ്റം ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നത് അവരുടെ പരസ്യ നിലപാടുകളില്‍ പ്രതി ഫലിക്കുന്നണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു യാദവിന്റെ മറുപടി .

STORY HIGHLIGHTS: Congress still largest opposition party says tejashwi yadav

Next Story