Top

'നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും, പട്ടേലിന്റെ പേരാക്കും'; ഗുജറാത്ത് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ്

12 Nov 2022 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും, പട്ടേലിന്റെ പേരാക്കും; ഗുജറാത്ത് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ്
X

അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയമാക്കുമെന്ന് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ്. ശനിയാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പ്രകടന പത്രികയെ ആദ്യമന്ത്രിസഭ യോഗത്തില്‍ തന്നെ ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടവും അഞ്ചിന് രണ്ടാം ഘട്ടവും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനത്ത് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കും. വിധവകള്‍ക്കും വയോധികര്‍ക്കും 2000 രൂപ മാസം പെന്‍ഷന്‍ നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

3000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും. പിജി തലം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും. മൂന്ന് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടം എഴുതി തള്ളും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 3000 രൂപ തൊഴിലില്ലായ്മ വേതനം നല്‍കും. 500 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

പത്ത് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ. അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിശോധനയും മരുന്നുകളും നല്‍കും. കൊവിഡ് അസുഖബാധിതര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനമുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെല്ലാം പരിശോധിക്കുകയും കുറ്റക്കാരായാവരെ ശിക്ഷിക്കുമെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Story Highlights: Congress Promises To Rename Narendra Modi Stadium At Gujarat

Next Story