Top

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരം ഒഴിവാക്കാന്‍ ഇടപെട്ട് ജയറാം രമേശ്, അനുരഞ്ജന നീക്കങ്ങള്‍ സജീവം

14 Sep 2022 8:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരം ഒഴിവാക്കാന്‍ ഇടപെട്ട് ജയറാം രമേശ്, അനുരഞ്ജന നീക്കങ്ങള്‍ സജീവം
X

ന്യൂഡല്‍ഹി: എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മത്സരം ഒഴിവാക്കണമെന്ന നിലപാടിലാണ് എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്തമാവുമായ ജയറാം രമേശ്. ഐക്യകണ്‌ഠേനയുള്ള തീരുമാനത്തിലൂടെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനായി നീക്കങ്ങള്‍ സജീവമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 17ന് നടക്കാനിരിക്കുന്ന അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ ആണെങ്കിലും, സോണിയ ഗാന്ധി 'എല്ലാവരും ഉറ്റുനോക്കുന്ന' വ്യക്തിയായും രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ 'കേന്ദ്രബിന്ദു'വായും തുടരുമെന്ന് ജയറാം രമേശ് പറഞ്ഞു.

രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് നയിക്കുമെന്ന അഭിപ്രായങ്ങള്‍ നിരസിച്ച അദ്ദേഹം, ഏറെ സ്വീകാര്യനായ വ്യക്തിയാണ് രാഹുല്‍ എന്നും പറഞ്ഞു. ഹൈക്കമാന്‍ഡ് സംസ്‌കാരത്തിനെതിരായ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ വാദത്തെയും മുന്‍ കേന്ദ്രമന്ത്രി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ എതിര്‍ക്കുന്നുണ്ട്. 'ഹൈക്കമാന്‍ഡ്' ഇല്ലാത്ത പാര്‍ട്ടിയില്‍ കുഴപ്പങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ പൊതുവായി ഐക്യകണ്‌ഠേനയാണ് ഭാരവാഹികളെ തെരഞ്ഞെടുക്കാറുള്ളത്. പക്ഷെ 1938, 1950, 1997, 2000 എന്നീ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. പക്ഷെ 'എല്ലാവരോടും സംസാരിച്ച് അനുയോജ്യനായ ഒരാളെ കണ്ടെത്തണം' എന്ന കെ കാമരാജിന്റെ ആശയത്തിനൊപ്പമാണ് ഞാന്‍', ജയറാം രമേശ് പറഞ്ഞു.

പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ജനാധിപത്യ രീതിയിലുള്ള മത്സരം കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന ലോക്സഭാ എംപി ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പാര്‍ട്ടി നേതാക്കളുടെ വാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, സമവായം സാധ്യമല്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു ജയറാം രമേശിന്റെ മറുപടി. 'തരൂരിനെ മത്സരത്തിന് സ്വാഗതം ചെയ്യുന്നു. അത് ജനാധിപത്യ പ്രക്രിയയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന ചോദ്യത്തിന്, അതില്‍ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്നായിരുന്നു മറുപടി. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കാത്തതെന്നും, ആളുകള്‍ മത്സരിക്കട്ടെ എന്നുമാണ് ചില അവസരങ്ങളില്‍ രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞിട്ടുള്ളതെന്നും ജയറാം രമേശ് പറഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

Story Highlights: Congress Presidential poll Jairam Ramesh bats for consensus

Next Story

Popular Stories