Top

'ശക്തമായ കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ല'; പ്രാദേശിക പാര്‍ട്ടികളുടെ നീക്കങ്ങള്‍ നടക്കവേ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

12 Sep 2022 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശക്തമായ കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ല; പ്രാദേശിക പാര്‍ട്ടികളുടെ നീക്കങ്ങള്‍ നടക്കവേ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യ ശ്രമങ്ങളുടെ നേതൃത്വം തനിക്കാണെന്ന് വരുത്താന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശ്രമിക്കവേ, ദേശീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നടത്തവേ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. ശക്തമായ കോണ്‍ഗ്രസ് ഇല്ലാതെ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാവില്ലെന്ന് കോണ്‍ഗ്രസ് തിങ്കളാഴ്ച വ്യക്തമാക്കി.

പ്രതിപക്ഷ ഐക്യമെന്നാല്‍ കോണ്‍ഗ്രസിനെ തളര്‍ത്തലല്ലെന്ന് എഐസിസി വാര്‍ത്താവിനിമയ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിനെ പരിഗണിക്കാതെ പ്രാദേശിക പാര്‍ട്ടികളുടെ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കവേ അതിനോടുള്ള കൃത്യമായ പ്രതികരണമാണ് കോണ്‍ഗ്രസ് നടത്തിയത്. 'കോണ്‍ഗ്രസ് ശക്തമാണെങ്കില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാവൂ. പ്രതിപക്ഷ ഐക്യം എന്നാല്‍ കോണ്‍ഗ്രസിനെ തളര്‍ത്തലല്ല', ജയ്‌റാം രമേശ് പറഞ്ഞു.

'ഞങ്ങളുടെ സഖ്യകക്ഷികള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ഒരാളെ തളര്‍ത്തി മറ്റൊരാള്‍ക്ക് മുന്നോട്ട് പോവാനാവില്ല. നമ്മള്‍ ഓരോരുത്തരും ശക്തിപ്പെടണം. അതോടൊപ്പം ശക്തമായ കോണ്‍ഗ്രസാണ് പ്രതിപക്ഷ സഖ്യത്തിന്റെ നെടുംതൂണ്', ജയ്‌റാം രമേശ് പറഞ്ഞു.

ഭാരത് ജോഡോ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള യാത്രയല്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു. 'കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണത്. യാത്ര പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താനും ഗുണപരമാക്കാനും വേണ്ടിയാണ് ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്', അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നതെന്ന് ബിജെപിയും ബിജെപി ഇതര കക്ഷികളും ഒരേ പോലെ നോക്കുകയാണ്. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം ആന( കോണ്‍ഗ്രസ്) ഉണര്‍ന്നെണീറ്റു, നടക്കുന്നു എന്ന് എല്ലാവരും അറിഞ്ഞതില്‍ താന്‍ സന്തോഷവാനാണ്. എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നതെന്ന് നോക്കുകയാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.

ബിജെപിയും ആര്‍എസ്എസും ആക്രമണോത്സുകത കാണിക്കുന്ന കോണ്‍ഗ്രസിനെ കണ്ടിട്ടില്ല. ഒരു കാര്യം വ്യക്തമാക്കാം. നിങ്ങള്‍ കാണിച്ചാല്‍ ഞങ്ങള്‍ ഇരട്ടി കാണിക്കും. മതം, ജാതി, ഭാഷ എന്നിങ്ങനെ വിഭജിച്ചു കഴിഞ്ഞ ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും ജയ്‌റാം രമേശ് പറഞ്ഞു.

Story Highlights: Congress on Monday asserted itself saying opposition unity against the ruling BJP is not possible without a strong Congress which is the fundamental pillar of opposition unity

Next Story