'തൃണമൂല്‍, കോണ്‍ഗ്രസിന് തുല്യരാണ്'; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തെക്കുറിച്ച് ഡെറക് ഒബ്രിയന്‍
പ്രതിപക്ഷ സഖ്യത്തിലെ അനൈക്യത്തിന് കാരണം തൃണമൂൽ കോൺഗ്രസാണെന്ന് സിപിഐ
23 July 2022 3:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ തുല്യരായി കാണാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് ഡെറക് ഒബ്രിയന്‍ എംപി. പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത യോഗം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തിന് 20 മിനിറ്റ് മുമ്പാണ് തങ്ങളെ വിവരമറിയിച്ചതെന്ന് തൃണമൂല്‍ എം പി ആരോപിച്ചു.
21ന് നടക്കുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് 16ന് ഡെറക് ഒബ്രിയന്‍ പറഞ്ഞിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. കോണ്‍ഗ്രസായിരുന്നു യോഗത്തിന് നേതൃത്വം നല്‍കിയിരുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്വയോടും അവരുടെ രാഷ്ട്രീയ പാരമ്പര്യത്തോടും ടിഎംസിക്ക് വലിയ ബഹുമാനമുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത രീതിയോട് വിയോജിക്കുന്നെന്നും ഡെറക് ഒബ്രിയന്‍ പറഞ്ഞു.
''പ്രതിപക്ഷത്തിന്റെ സമാന ചിന്താഗതിയുള്ള പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസും. തങ്ങൾ ബിജെപിക്ക് എതിരാണ്. ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, സിപിഐഎം ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ പോലെ ബിജെപിയോട് തൃണമൂലിനും വിരോധമുണ്ട്. ഈ പാര്‍ട്ടികളെ പോലെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ട പാരമ്പര്യമില്ലെങ്കിലും ഞങ്ങളെയും തുല്യ പാര്‍ട്ടിയായി കാണണം' ഡെറക് ഒബ്രിയന്‍ പറഞ്ഞു. അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ സിപിഐ വിമര്‍ശിച്ചു.
''ശരദ് പവാര്‍ മമത ബാനര്‍ജിയുമായി ബന്ധപ്പെട്ടിരുന്നു. ഔദ്യോഗിക യോഗത്തിലാണെന്നാണ് മമത നല്കിയ മറുപടി, ജയറാം രമേശും ഡെറക് ഒബ്രിയന്‍ ഉള്‍പ്പെടെയുള്ള ടിഎംസി എംപിമാരുമായി സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയല്ല, പ്രതിപക്ഷ സഖ്യത്തിലെ അനൈക്യമാണ് ഇത് കാണിക്കുന്നത്'' സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
ബംഗാളില്‍ ബിജെപി നിയോഗിച്ച ജഗ്ദീപ് ധന്ഖറുമായുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ സഖ്യം ടിംഎംസിയെ പിന്തുണച്ചിരുന്നു. എന്നാല്‍ സഖ്യത്തില്‍ നിന്ന് മാറി മറ്റ് രാഷ്ട്രീയ പദ്ധതികള്‍ നിര്‍മ്മിക്കുന്നതിന് മമത മറുപടി പറയണം. തൃണമൂല്‍ കോണ്‍ഗ്രസാണ് സഖ്യത്തിലെ വിള്ളലുകള്‍ക്ക് കാരണമെന്നും സിപിഐ ആരോപിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് ക്രോസ് വോട്ടുകള്‍ ലഭിച്ചതും പ്രതിപക്ഷത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
STORY HIGHLIGHT: Congress must view TMC as equal partner MP Derek Obrien