Top

'ബിജെപി സമൂഹത്തിന് ഭീഷണി'; കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര പാര്‍ട്ടികളും ഒന്നിക്കണമെന്ന് തോള്‍ തിരുമാവളവൻ

രാജ്യത്ത് ബിജെപിക്ക് അനുകൂലമായ സ്ഥിതിയാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

14 March 2022 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി സമൂഹത്തിന് ഭീഷണി; കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര പാര്‍ട്ടികളും ഒന്നിക്കണമെന്ന് തോള്‍ തിരുമാവളവൻ
X

കോയമ്പത്തൂര്‍: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര പാര്‍ട്ടികളും ഒന്നിക്കണമെന്ന് വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടി നേതാവ് തോള്‍ തിരുമാവളവന്‍. വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ബിജെപി സമൂഹത്തിന് ഭീഷണിയാണ്. ശാസ്ത്രം, വ്യവസായം, വികസനം, തൊഴിലവസരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊന്നും സംസാരിക്കാതെ വര്‍ഗീയത മാത്രം മുഖമുദ്രയാക്കിയാണ് ബിജെപി വോട്ടുറപ്പിക്കുന്നത്. ഇതിനെ ഒന്നിച്ചുനിന്ന് ചെറുക്കണമെന്നും തോള്‍ തിരുമാവളവന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സംരക്ഷിക്കാനും ബിജെപിയെ പരാജയപ്പെടുത്താനും മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ബിജെപിക്കെതിരെ പടയൊരുക്കം ശക്തമാക്കുന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ നീക്കങ്ങളെ മറ്റുപാര്‍ട്ടികളും സ്വാഗതം ചെയ്യണമെന്നും വിസികെ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലിലും ഭരണം നിലനിര്‍ത്തിയ ബിജെപിയുടേത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത് പോലെ വലിയ വിജയമല്ലെന്ന് തിരുമാവളവന്‍ പറഞ്ഞു.

അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുക മാത്രമാണ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കുറച്ച് സീറ്റുകളിലാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസും മറ്റ് മതേതര പാര്‍ട്ടികളും ഒന്നിച്ച് മത്സരിച്ചിരുന്നെങ്കില്‍ ബിജെപിയെ താഴെയിറക്കാമായിരുന്നു. രാജ്യത്ത് ബിജെപിക്ക് അനുകൂലമായ സ്ഥിതിയാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ദളിത് യുവാവ് ഗോകുല്‍രാജ് വധക്കേസിലെ മദ്രാസ് ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വിസികെ നേതാവ് വ്യക്തമാക്കി. ദുരഭിമാനക്കൊലകള്‍ തടയുന്നതിനുള്ള ഒരു മാര്‍ഗത്തിനാണ് വിധി വഴിതെളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരഭിമാനക്കൊലകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണം. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രത്യേക പൊലീസ് വിഭാഗം രൂപീകരിക്കണമെന്നും തോല്‍ തിരുമാവളവന്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Congress, Left and secular parties should come together to defeat BJP says Thol Thirumavalavan

Next Story