Top

നരേഷ് പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, പ്രശാന്ത് കിഷോറിന്റെ തന്ത്രം; ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയ നീക്കത്തിന്

2 April 2022 7:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നരേഷ് പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, പ്രശാന്ത് കിഷോറിന്റെ തന്ത്രം; ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയ നീക്കത്തിന്
X

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായ നേതാവ് നരേഷ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലേറ്റ വലിയ പരാജയത്തെ മറികടക്കുന്നതിന് വേണ്ടി എന്ത് വിലകൊടുത്തും ഗുജറാത്തില്‍ വിജയിക്കണം എന്ന ആലോചനയില്‍ വലിയ നീക്കങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഗുജറാത്തില്‍ കഴിഞ്ഞ 28 വര്‍ഷക്കാലമായി അധികാരത്തില്‍ നിന്ന് പുറത്താണ് കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് മികച്ച പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

അത് കൊണ്ട് തന്നെ ഇത്തവണ മികച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ നേതാക്കള്‍ ശ്രമിക്കുകയാണ്. നരേഷ് പട്ടേല്‍ അടുത്ത് തന്നെ കോണ്‍ഗ്രസില്‍ ചേരും. നരേഷ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വെക്കുന്ന പദ്ധതിയില്‍ പ്രശാന്ത് കിഷോറിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

ലവ പട്ടേല്‍ വിഭാഗത്തിന്റെ കുലദേവിയായ കോദാല്‍ദാം മാതാ ക്ഷേത്രം നടത്തുന്ന കോദാല്‍ദാം ട്രസ്റ്റിന്റെ ചെയര്‍മാനും ലവ പട്ടേല്‍ സമുദായത്തിന്റെ പ്രധാന നേതാവുമാണ് നരേഷ് പട്ടേല്‍. പട്ടേല്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തെ സന്ദര്‍ശിച്ചെന്നും ഏപ്രിലില്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ പാര്‍ട്ടിയില്‍ ചേരുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

നരേഷ് പട്ടേലിന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതി അദ്ധ്യക്ഷ സ്ഥാനമാണ് നല്‍കുക. അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യും. പട്ടേല്‍ വിഭാഗങ്ങളോടൊപ്പം മറ്റ് സമുദായങ്ങളിലും വലിയ സ്വാധീനം നരേഷ് പട്ടേലിനുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നടത്തിയ സര്‍വ്വേ ഫലങ്ങള്‍ നരേഷ് പട്ടേലിന് അനുകൂലമായിരുന്നു. നേതൃതലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും സര്‍വ്വേ ഫലം പറഞ്ഞിരുന്നു.

ആംആദ്മി പാര്‍ട്ടി പ്രതിപക്ഷ വോട്ടുകള്‍ക്കിടയില്‍ ചെറിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. നരേഷ് പട്ടേല്‍ രാഷ്ട്രീയ രംഗത്ത് പുതുമുഖമാണെന്നതിനാലും ഇത് വരെ മത്സരിച്ചിട്ടില്ല എന്നതും ആംആദ്മിയെ മറികടന്ന് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ഫലം മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പിന്നോക്ക വിഭാഗത്തില്‍ നിന്നും പ്രതിപക്ഷ നേതാവായ സുഖ്‌റാം രത്വ എസ്ടി വിഭാഗത്തില്‍ നിന്നുമാണ്. ദളിത് വിഭാഗങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന് പിന്തുണയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനത്ത് സാമൂഹ്യ സമവാക്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി വരുമെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

വളരെയധികം സീറ്റുകളില്‍ വിജയം തീരുമാനിക്കാന്‍ പട്ടേല്‍ സമുദായത്തിന് കഴിയും. പട്ടേല്‍ പ്രക്ഷോഭം നടന്ന സൗരാഷ്ട്ര മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയില്‍ 49 ശതമാനം വോട്ട് നേടി 99 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 41.4 ശതമാനം വോട്ട് നേടി 77 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

Story Highlights: Congress is likely to appont naresh patel as its cm face at gujarat

Next Story