Top

'മോദിയെ കൊല്ലാന്‍ കോണ്‍ഗ്രസ് പദ്ധതിയൊരുക്കി'; അസം മുഖ്യമന്ത്രി

ഗൂഢാലോചനയില്‍ പങ്കാളിയായ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

13 Jan 2022 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിയെ കൊല്ലാന്‍ കോണ്‍ഗ്രസ് പദ്ധതിയൊരുക്കി; അസം മുഖ്യമന്ത്രി
X

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് പദ്ധതിയൊരുക്കിയെന്ന വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ ലംഘനം വഴി പ്രധാനമന്ത്രിയെ വധിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേയും പഞ്ചാബ് മുഖ്യമന്ത്രിയുടെ പദ്ധതിയെന്നും ബിശ്വ ശര്‍മ്മ ആരോപിച്ചു. ഗൂഢാലോചനയില്‍ പങ്കാളിയായ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിന് പൊലീസിന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചത് സംബന്ധിച്ച പരാമര്‍ശവും ബിശ്വ ശര്‍മ്മ നടത്തി. ബുധനാഴ്ച്ച മാധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയെ എതിരേല്‍ക്കാന്‍ മുഖ്യമന്ത്രി എത്താതിരന്നതിലുള്ള അമര്‍ഷവും ശര്‍മ്മ രേഖപ്പെടുത്തി. തനിക്ക് കൊവിഡ് ബാധയുള്ള ഒരാളുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടെന്നായിരുന്നു ഛന്നിയുടെ വിശദീകരണമെന്നും എന്നാല്‍ അടുത്ത ദിവസം മാധ്യമങ്ങളെ കാണുമ്പോഴും സംസാരിക്കുമ്പോഴും ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉടലെടുത്തിരുന്നില്ലെയെന്നും അദ്ദേഹം ചോദിച്ചു. ഒരു മാസ്‌ക് പോലും ധരിക്കാതെയാണ് പഞ്ചാബ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനുവരി അഞ്ചിന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപെടുകയായിരുന്നു. ഹുസൈന്‍വാലയിലെ ദേശീയ രക്താസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷം ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയത്.

ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമുളള യാത്ര ഒഴിവാക്കി റോഡ് മാര്‍ഗമാക്കുകയായിരുന്നു. റോഡ് മാര്‍ഗം യാത്ര തിരിച്ച പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഹുസൈന്‍വാലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തടഞ്ഞുവെച്ചു. 15 മിനിറ്റ് ഫ്ളൈ ഓവറില്‍ കുടുങ്ങിയ മോദി രോഷാകുലനായാണ് മടങ്ങിയത്. സംഭവത്തില്‍ അതൃപ്തിയറിച്ച പ്രധാനമന്ത്രി, ജീവനോടെ തിരികെയെത്തിയതിന് പഞ്ചാബ് മുഖ്യമന്ത്രിയെ നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞിരുന്നു.

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി പഞ്ചാബ് സന്ദര്‍ശിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷമുളള ആദ്യ സന്ദര്‍ശനം കൂടിയാണിത്. വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. എന്നാല്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല. ഹോലികോപ്റ്റര്‍ മാര്‍ഗം തീരുമാനിച്ചിരുന്ന യാത്ര റോഡ് മാര്‍ഗമാക്കിയത് ആശയകുഴപ്പമുണ്ടാക്കുകയായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ റിട്ട. സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ സമിതിയെ സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട തെളിവുകള്‍ സംരക്ഷിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Next Story

Popular Stories