Top

സൗരാഷ്ട്ര - കച്ച് മേഖലയില്‍ വേരുനഷ്ടപ്പെട്ട് കോണ്‍ഗ്രസ്; ബിജെപിയുടെ കൊയ്ത്ത്; മുഖ്യ എതിരാളിയായി എഎപിയുടെ വരവ്

പട്ടീദാര്‍, കോലി, അഹിര്‍, ക്ഷത്രിയ എന്നീ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര

8 Dec 2022 3:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗരാഷ്ട്ര - കച്ച് മേഖലയില്‍ വേരുനഷ്ടപ്പെട്ട് കോണ്‍ഗ്രസ്; ബിജെപിയുടെ കൊയ്ത്ത്; മുഖ്യ എതിരാളിയായി എഎപിയുടെ വരവ്
X

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് സൗരാഷ്ട്ര - കച്ച് മേഖലയിലേറ്റ തിരിച്ചടി. കഴിഞ്ഞ തവണ 33 സീറ്റുകളുണ്ടായിരുന്ന സൗരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വെറും മൂന്ന് സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. 25 സീറ്റുകള്‍ ബിജെപിയും നാല് സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിയും പിടിച്ചെടുത്തു. 48 സീറ്റുകളാണ് കാര്‍ഷിക മേഖലയായ സൗരാഷ്ട്രയില്‍ നിന്ന് മാത്രം ബിജെപി നേടിയത്. വലിയ പ്രതീക്ഷയര്‍പ്പിച്ച ഗ്രാമീണ മേഖലയിലെ വോട്ടുബാങ്കില്‍ എഎപി കടന്നുകയറിയത് കോണ്‍ഗ്രസിന് ഭാവിയിലും വലിയ ക്ഷീണമുണ്ടാക്കിയേക്കും.

പട്ടീദാര്‍, കോലി, അഹിര്‍, ക്ഷത്രിയ എന്നീ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. നേരത്തെ ബിജെപിയുടെ സ്വാധീന മേഖലയായിരുന്ന ഇവിടം പട്ടേല്‍ പ്രക്ഷോഭത്തോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് കോണ്‍ഗ്രസിന് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു.

2017 ല്‍ വിജയിച്ച പട്ടീദാര്‍, കോലി, അഹിര്‍ വിഭാഗത്തില്‍ നിന്നുള്ള ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കുന്‍വര്‍ജി ബവാലിയ, ബ്രിജേഷ് മെര്‍ജ, ജവഹര്‍ ചാവ്ദ തുടങ്ങിയ നിരവധി പ്രമുഖരാണ് ബിജെപിയിലെത്തിയത്. സൗരാഷ്ട്രയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ച ഘടകങ്ങളില്‍ ഒന്നായിരുന്നു പട്ടേല്‍ പ്രക്ഷോഭ നേതാവായ ഹര്‍ദിക് പട്ടേലിന്റെ പിന്തുണ. എന്നാല്‍ അദ്ദേഹം ബിജെപി പാളയത്തിലെത്തിയത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്.

വിരാംഗം മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയ ഹര്‍ദിക് പട്ടേലിനെ കാത്തിരുന്നത് വലിയ വിജയമായിരുന്നു്. 50,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹര്‍ദിക്കിന് ലഭിച്ചത്. സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ച് വലിയ പ്രചാരണമാണ് ആം ആദ്മിയും നടത്തിയത്. ഭരണവിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു എഎപിയുടെ പ്രതീക്ഷ. എന്നാല്‍ എല്ലാം തകിടം മറിച്ചുകൊണ്ട് ബിജെപിയുടെ വലിയ മുന്നേറ്റമാണ് മേഖലയില്‍ കണ്ടത്. നാല് സീറ്റുകള്‍ എഎപി പിടിച്ചെടുത്തതോടെ മേഖലയില്‍ കോണ്‍ഗ്രസിന് ഭാവിയിലും വലിയ ക്ഷീണമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

Story highlights: Congress face backlash in Saurashtra region of Gujarat on election 2022

Next Story