Top

'ഗുജറാത്തില്‍ കൂടി യാത്രയെത്തണമായിരുന്നു'; ഭാരത് ജോഡോ യാത്രയില്‍ വിയോജിപ്പറിയിച്ച് ചില നേതാക്കളും പ്രവര്‍ത്തകരും

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും യാത്ര ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി അണികളുടെ ആവശ്യം

12 Sep 2022 4:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തില്‍ കൂടി യാത്രയെത്തണമായിരുന്നു; ഭാരത് ജോഡോ യാത്രയില്‍ വിയോജിപ്പറിയിച്ച് ചില നേതാക്കളും പ്രവര്‍ത്തകരും
X

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഞായറാഴ്ച നാലാം ദിവസത്തിലേക്ക് കടന്നെങ്കിലും യാത്ര റൂട്ടിൽ വിയോജിപ്പ് അറിയിച്ച് ചില പാർട്ടി നേതാക്കളും പ്രവർത്തകരും. യാത്രയുടെ റൂട്ട് മാപ്പിൽ ഗുജറാത്തിനെ ഒഴിവാക്കിയതിലാണ് പാർട്ടി പ്രവർത്തകരുടെ വിയോജിപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും യാത്ര ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി അണികളുടെ ആവശ്യം. ഡെക്കാൻ ക്രോണിക്കിളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന 3,500 കിലോമീറ്ററും 150 ദിവസവും നീണ്ടുനിൽക്കുന്ന പ്രചാരണത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുമെന്നതിനാൽ എല്ലാ സംസ്ഥാനത്തെയും ഉൾപ്പെടുത്തുന്നത് സാധ്യമല്ലെന്ന് യാത്രാ ആസൂത്രകർ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യാത്രയുടെ റൂട്ട് മാപ്പിൽ ഗുജറാത്ത് ഉണ്ടായിരിക്കണമായിരുന്നുവെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ള നിരവധി നേതാക്കൾ പാർട്ടി വിട്ടു. ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. യാത്ര പാർട്ടിക്ക് വലിയ ഉണർവ് നൽകുമായിരുന്നു. ഈ യാത്ര ആസൂത്രണം ചെയ്ത നേതാക്കൾ ഇത് ഉൾപ്പെടുത്താത്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിന് പുറമേ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളെയും പ്രചാരണത്തിൽ ഉൾപ്പെടുത്തണമെന്ന് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നേതാക്കൾ യാത്രാ സംഘാടക സമിതിയോട് അഭ്യർത്ഥിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ ആവശ്യങ്ങൾ സംഘാടക സമിതി അവഗണിച്ചു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നേതാക്കളോട് അതത് സംസ്ഥാനങ്ങളിൽ സ്വന്തമായി യാത്രകൾ ആരംഭിക്കാനും പ്രധാന യാത്രയിൽ പങ്കെടുക്കാനും പറഞ്ഞതായാണ് വിവരം.

STORY HIGHLIGHTS: Congress divided over gujarat's exclusion in bharat jodo yatra

Next Story