Top

'ഒരു മാസത്തിനിടെ 26 രാഷ്ട്രീയ കൊലകൾ'; ബം​ഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് കോൺ​ഗ്രസ്

24 March 2022 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു മാസത്തിനിടെ 26 രാഷ്ട്രീയ കൊലകൾ; ബം​ഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് കോൺ​ഗ്രസ്
X

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ്. ആർട്ടിക്കിൾ 355 പ്രഖ്യാപിക്കാനായി കോൺ​ഗ്രസ് നേതാവ് അധിർ രജ്ജൻ ചൗധരി പ്രസിഡന്റ് രാം നാഥ് കോവിന്ദിന് കത്തയച്ചു. രാഷ്ട്രീയ സംഘർഷത്തിൽ കഴിഞ്ഞ ദിവസം ബിർഭും ജില്ലയിൽ 8 പേരെ തീയിട്ട് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ബം​ഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർകഥയാവുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം പാടെ തകർന്ന സ്ഥിതിയിലാണെന്നും ചൗധരി ചൂണ്ടിക്കാട്ടി.

'കഴിഞ്ഞ മാസം മാത്രം പശ്ചിമ ബം​ഗാളിൽ 26 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെന്നത് ഖേദകരമാണ്. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ നിരവധി പേരുടെ ജീവനെടുത്തു. സംസ്ഥാനം മുഴുവൻ ഭയത്തിന്റെയും അക്രമത്തിന്റെയും പിടിയിലാണ്,' കോൺ​ഗ്രസ് നേതാവിന്റെ കത്തിൽ പറയുന്നു.

'പശ്ചിമബം​ഗാളിലെ ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായാണ് ബം​ഗാൾ സർക്കാർ മുന്നോട്ട് പോവുന്നതെന്ന് ഉറപ്പാക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 355 പ്രഖ്യാപിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,' ചൗധരി രാഷ്ട്രപതിക്കയച്ച കത്തിൽ പറയുന്നു.

തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബം​ഗാളിൽ കഴിഞ്ഞ ദിവസം അക്രമണം ഉണ്ടായത്. ബോംബാക്രമണത്തിലാണ് നേതാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് 22 പേരെ അറസ്റ്റ് ചെയ്‌തതായി അധികൃതർ അറിയിച്ചു. ബിർഭും ജില്ലയിലെ രാംപൂർഹട്ടിലാണ് അതിക്രൂരമായ കൂട്ടക്കൊലപാതകം നടന്നത്.

story highlight: congress demands presidential rule in west Bengal

Next Story