Top

ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് പുതിയ സമിതി; ചിന്തന്‍ ശിവര്‍ മെയ് 14ന്

ഇന്ന് സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്.

25 April 2022 12:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് പുതിയ സമിതി; ചിന്തന്‍ ശിവര്‍ മെയ് 14ന്
X

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പുതിയ ശാക്തീകരണ പ്രവർത്തന സമിതി രൂപീകരിക്കാൻ തീരുമാനമെടുത്ത് കോൺഗ്രസ് നേതൃത്വം. നിലവിൽ കോൺഗ്രസ് നേരിടുന്ന എല്ലാ വെല്ലുവിളികളും മറികടന്ന് തെരഞ്ഞെടുപ്പിൽ വിജയം വരിക്കുക എന്നതാണ് പുതിയ സമിതിയുടെ ലക്ഷ്യം. ഇന്ന് സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്.

അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം കെെവരിക്കാനുളള പദ്ധതികൾ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം നേതൃത്വത്തിന് നൽകിയിരുന്നു. പ്രശാന്ത് കിഷോർ സമർപ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച എട്ടംഗ സമിതി ഇന്ന് സോണിയ ഗാന്ധിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. പഠന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശാക്തീകരണ പ്രവർത്തന സമിതി രൂപീകരിക്കാനുളള യോഗത്തിന്റെ തീരുമാനം.

കൂടാതെ ഉദയ്പൂരിൽ മെയ് 13 മുതൽ 15 വരെ 'പ്രിതിനിധി സമ്മേളന'വും നടത്താൻ തീരുമാനിച്ചു. 'ചിന്തൻ ശിവർ' സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള 400 കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിൽ പാർട്ടി അഭിമുഖീകരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളും സംഘടനയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളള പരിഹാരങ്ങളും ചർച്ചചെയ്യും. കൂടാതെ രാജ്യം നേരിടുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഘടനാ പുനഃസംഘടന സംബന്ധിച്ചും ചർച്ചകൾ നടത്തും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് എല്ലാ വെല്ലുവിളികളും മറികടന്ന് വിജയിക്കാൻ വേണ്ട പദ്ധതി സമ്മേളനം രൂപീകരിക്കുമെന്നും രൺദീപ് സുർജേവാല പറഞ്ഞു.

പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ ചേർക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല "ഗ്രൂപ്പ് രൂപീകരിക്കുമ്പോൾ ആരാണ് അതിന്റെ ഭാഗമെന്ന് നിങ്ങൾക്കറിയാം എന്നായിരുന്നു സുർജേവാലയുടെ മറുപടി.

Story highlights: congress decided to form a committee to overcome challenges in 2024 elections

Next Story