Top

നെഹ്‌റുവിനെ പഴിച്ച് മതിയാകാതെ ബിജെപി; വിഭജനത്തിന്റെ കുറ്റം പ്രഥമ പ്രധാനമന്ത്രിയില്‍ ചാരി കെജിഎഫ് സ്റ്റൈല്‍ വീഡിയോ

'സവർക്കര്‍മാരും മുഹമ്മദലി ജിന്നമാരും ആധുനിക ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളിൽ'

14 Aug 2022 10:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെഹ്‌റുവിനെ പഴിച്ച് മതിയാകാതെ ബിജെപി; വിഭജനത്തിന്റെ കുറ്റം പ്രഥമ പ്രധാനമന്ത്രിയില്‍ ചാരി കെജിഎഫ് സ്റ്റൈല്‍ വീഡിയോ
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇന്ത്യ - പാക് വിഭജനത്തിന്റെ കാരണക്കാരനായി ചിത്രീകരിച്ച ബിജെപിയുടെ വീഡിയോക്കെതിരെ കോണ്‍ഗ്രസ്. ചരിത്രത്തില്‍ ഇത്രയും ഭീതി നിറഞ്ഞ ദിവസം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് എംപി ആരോപിച്ചു. സവർക്കര്‍മാരും മുഹമ്മദലി ജിന്നമാരും ആധുനിക ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം വിമർശിച്ചു.

വിഭജനമെന്ന ചരിത്രത്തിലെ ദുരന്തത്തെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച് വിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേശ് മറുപടി നല്‍കി. രണ്ട് രാജ്യങ്ങള്‍ എന്ന ആശയം സര്‍വക്കറുടേതായിരുന്നു. ജിന്ന അത് പ്രാവര്‍ത്തികമാക്കുകയായിരുന്നു. വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യ അനേകം ചെറുരാജ്യങ്ങളായി മാറുമായിരുന്നെന്ന് സര്‍ദാര്‍ പട്ടേല്‍ ഒരിക്കല്‍ എഴുതിയതായി ജയറാം രമേശ് പറഞ്ഞു.

ജന സംഘം സ്ഥാപകനായ ശ്യമപ്രസാദ് മുഖര്‍ജിയാണ് ബംഗാള്‍ വിഭജനത്തിന്റെ കാരണക്കാരന്‍. മഹാത്മ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹറുവിന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും പരിശ്രമഫലമായാണ് രാജ്യത്തിന് ഐക്യമുണ്ടായത്. വിദ്വേഷ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം കൊണ്ടാകുമെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ഇന്ത്യ പാക് വിഭജനത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ബിജെപി സിനിമയുടെ മാതൃകയില്‍ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അതിവൈകാരികതയോടെയുള്ള ദൃശ്യങ്ങള്‍ ബിജെപിയുടെ ഔദ്യോഗിക പേജുകളിലൂടെയാണ് പുറത്ത് വിട്ടത്. പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു മുഹമ്മദ് അലി ജിന്നയുടെ മുമ്പില്‍ മുട്ടുകുത്തിയെന്നും ബിജെപി ആരോപിച്ചു.

പഞ്ചാബിന്റെയും ബംഗാളിന്റെയും വിഭജിച്ചു കൊണ്ടുള്ള രൂപരേഖ തയാറാക്കിയ സിറില്‍ ജോണ്‍ റാഡിക്ലിഫിനെയും ദൃശ്യങ്ങളില്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഒരാള്‍ എങ്ങനെയാണ് രൂപരേഖ തയാറാക്കാനാകുകയെന്നും ബിജെപി വീഡിയോയില്‍ ചോദിക്കുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം നെഹ്റുവിന്റെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വിഭജന ശക്തികള്‍ക്കെതിരെ പ്രതികരിക്കേണ്ടവര്‍ എവിടെയായിരുന്നെന്നും ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. മുസ്ലീം ലീഗിന്റെയും ജിന്നയുടെയും ആവശ്യങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണയ്ക്കുകമാത്രമാണ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു.

ആഗസ്റ്റ് 14 ഇന്ത്യ വിഭജനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കണമെന്ന് 2021ല്‍ നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. വിഭജനത്തില്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങളെയും സഹനങ്ങളെയും ഓര്‍ക്കണമെന്നും മോദി രാജ്യത്തോട് പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു വിഭജനത്തെക്കുറിച്ച് ട്വീറ്റ്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുണ്ട്.

STORY HIGHLIGHTS: Congress criticizes BJP's video blaming Jawaharlal Nehru

Next Story