Top

'പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം'; ചിന്തന്‍ ശിബിരില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്

'അഞ്ച് വര്‍ഷമായി സംഘടനയില്‍ ഒരേ സ്ഥാനത്ത് തുടരുന്നവര്‍ മാറി നില്‍ക്കണം'

13 May 2022 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം; ചിന്തന്‍ ശിബിരില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്
X

ഉദയ്പൂര്‍: കോണ്‍ഗ്രസില്‍ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് എഐസിസി വക്താവ് അജയ് മാക്കാന്‍. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അഞ്ച് വര്‍ഷം സജീവ പ്രവര്‍ത്തകനായിരിക്കണം. സംഘടനാ പ്രവര്‍ത്തന രീതിയില്‍ സമൂലമായ മാറ്റം കൊണ്ടുവരും. ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് പരിഗണിക്കുന്നു. അഞ്ച് വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മാത്രം മറ്റൊരു അംഗത്തിന് ഇളവ് നല്‍കുന്ന രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷമായി ഒരേ സ്ഥാനത്ത് തുടരുന്നവര്‍ മാറി നില്‍ക്കണം. അതേ സ്ഥാനത്ത് തിരിച്ചെത്താന്‍ മൂന്ന് വര്‍ഷത്തെ കൂളിംഗ് പിരീഡ് വേണം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ ഓരേ സ്ഥാനത്ത് തുടരുന്നത് നിര്‍ത്തലാക്കാനുള്ള നയപരമായ തീരുമാനം ചിന്തന്‍ ശിബിരില്‍ ഉണ്ടാവുമെന്നും സൂചനയുണ്ട്.

കുറവുകളെക്കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ട്, പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറാണ്. സംഘടനയേയും പ്രത്യയശാസ്ത്രത്തേയും ശക്തിപ്പെടുത്തും. സംഘടനയിലും പാര്‍ലിമെന്ററി സ്ഥാനങ്ങളിലും പ്രായപരിധി കൊണ്ടുവരും. രാജ്യസഭാ അംഗങ്ങള്‍ക്ക് ടേം നിബന്ധന. യുവത്വത്തിന് പ്രാധാന്യം നല്‍കുമെന്നും ചിന്തന്‍ ശിബിരിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ അജയ് വ്യക്തമാക്കി.

സോണിയ ഗാന്ധിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് ചിന്തന്‍ ശിബിരത്തിന് തുടക്കമാകുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയാണ് ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. 2003ല്‍ പച്മാടിയില്‍ നടന്ന ചിന്തന്‍ ശിബിര്‍ മാതൃകയില്‍ രാജസ്ഥാനിലും നടത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതി അടിമുടി മാറ്റാന്‍ ഉദയ്പൂര്‍ ചിന്തന്‍ ശിബിരിന് കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവടക്കം മുതിര്‍ന്ന നേതാക്കളെല്ലാവരും പങ്കെടുക്കും.

പുതിയ അദ്ധ്യക്ഷന്‍ ആരായാരിക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങണമെന്ന് സമിതി നിര്‍ദ്ദേശവും ഇതിനകം വന്നിട്ടുണ്ട്. സമിതി നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. പല സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ റാലികളില്‍ അദ്ദേഹം പങ്കെടുത്തു.

ചിന്തന്‍ ശിബിരിന് മുന്നോടിയായി ആറ് സമിതികള്‍ രൂപീകരിച്ചിരുന്നു. സമിതികള്‍ ഇതിനകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലാകും ചര്‍ച്ചകള്‍ നടക്കുക. ഒരാള്‍ക്ക് ഒരുപദവി, ഒരു കുടുംബത്തില്‍ ഒരു സ്ഥാനാര്‍ത്ഥി തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ സമിതികള്‍ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം ഏതൊക്കെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണം എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിക്കും.

ഉദയ്പൂരില്‍ നിന്ന് രാജ്യത്തിന്റെ പ്രതീക്ഷയുടെ സൂര്യന്‍ ഉദിച്ച് ഉയരുമെന്നാണ് രണ്‍ദീപ് സിംഗ് സുര്‍ജെവാല അഭിപ്രായപ്പെട്ടത്. സംഘടന ദൗര്‍ബല്യം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചയിലൂടെ തീരുമാനിക്കും. ബിജെപി ഉയര്‍ത്തിവിടുന്ന വര്‍ഗീയ അജണ്ടകളെ പ്രതിരോധിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലവര്‍ധന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടലാണ് ചിന്തന്‍ ശിബിര്‍ കൊണ്ടുദ്ദേശിക്കുന്നത്.

STORY HIGHLIGHTS: Congress Chintan Shivir Party promises 'big changes' as three-day huddle kicks off, 'one family, one poll ticket' on agenda

Next Story

Popular Stories