Top

'2024ല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകും'; നെഹ്റു കുടുംബമില്ലാതെ തിരിച്ചുവരവ് സാധ്യമല്ലെന്ന് പ്രശാന്ത് കിഷോര്‍

പ്രധാനപ്പെട്ട 200 സീറ്റുകളില്‍ 50 എണ്ണത്തില്‍പ്പോലും ജയിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല

16 March 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2024ല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകും; നെഹ്റു കുടുംബമില്ലാതെ തിരിച്ചുവരവ് സാധ്യമല്ലെന്ന് പ്രശാന്ത് കിഷോര്‍
X

ന്യൂഡല്‍ഹി: ഒന്നിച്ചു നിന്നാല്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയുയര്‍ത്താന്‍ കോണ്‍ഗ്രസിനാവുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാജ്യത്ത് ഇടനീളം ബിജെപിക്ക് അപ്രമാദിത്വമുണ്ടെങ്കിലും കേരളമടക്കം ആറ് സംസ്ഥാനങ്ങളിലായുള്ള 200 സീറ്റുകളില്‍ 50 എണ്ണം പോലും ജയിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിന്റെ വേരുകളിലേയ്ക്ക് പോയി അതിനെ പുനരുജ്ജീവിപ്പിക്കണം. അതിന്റെ ആത്മാവും ആശയവും പ്രത്യയശാസ്ത്രവും അതുപോലെ തന്നെ നിലനിര്‍ത്തി, പുതുക്കിപ്പണിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ ഒരുമിപ്പിക്കുന്ന മുഖം ആരായിരിക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതിരുന്ന പ്രശാന്ത് കിഷോര്‍, കോണ്‍ഗ്രസ് മനസ്സുവെച്ചാല്‍ ആ നേതൃത്വം അവര്‍ക്ക് തന്നെ ഏറ്റെടുക്കാമെന്നും പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

'ആഖ്യാനം വ്യക്തമാവുകയും ബിജെപിയെ പരാജയപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവരെ കൂടെ ലഭിക്കുകയും ചെയ്താല്‍ ഉറപ്പായും കോണ്‍ഗ്രസ് തന്നെയായിരിക്കും പ്രതിപക്ഷത്തെ നയിക്കുന്ന കക്ഷി. ഗാന്ധി കുടുംബം വിട്ടു നിന്നാലും കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കില്ല. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി രാജ്യത്തുടനീളം ഒരു അംഗത്വ വിതരണ ക്യാമ്പയ്ന്‍ കോണ്‍ഗ്രസ് നടത്തിയിട്ടില്ല. പാര്‍ട്ടിയില്‍ ജനാധിപത്യവും അധികാര വികേന്ദ്രീകരണവുമില്ല. കോണ്‍ഗ്രസ് അടക്കം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിജെപിക്ക് ദേശീയ ബദലാവണമെങ്കില്‍ പത്തു മുതല്‍ പതിനഞ്ച് വര്‍ഷത്തെവരെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാട് ആവശ്യമുണ്ട്', അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ ഫലത്തെ സ്വാധീനിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ലീഗ് മത്സരങ്ങളിലെ ടൂര്‍ണമെന്റില്‍ വിജയം നേടിയത് പോലെയാണ് ബിജെപിയുടെ നാല് സംസ്ഥാനങ്ങളിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് മത്സരങ്ങളില്‍ പരാജയപ്പെടുത്തി ഫൈനലില്‍ എത്തുമ്പോള്‍, എതിരാളിയേക്കാള്‍ മുന്‍തൂക്കമുണ്ടെന്ന് കമന്റേറ്റര്‍മാര്‍ ഒരുപക്ഷേ പറഞ്ഞേക്കാം. എന്നാല്‍, അതിരാളികളെ പരാജയപ്പെടുത്തുമെന്നുള്ളതിനുള്ള ഉറപ്പൊന്നുമല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രതിച്ഛായ നിര്‍മ്മിതി്ക്കായും ബിജെപിയുടെ വിജയത്തിന് പിന്നിലും പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോര്‍. പിന്നീട് ഇദ്ദേഹം ബിജെപിയുമായി ബന്ധം അവസാനിപ്പിച്ച് ജെഡിയുവില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി വിട്ട ഇദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിക്കായും തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിനായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. ഗോവയിലെ തൃണമൂലിനായും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇവിടെയൊരു സീറ്റ് പോലും നേടിയെടുക്കാന്‍ അവര്‍ക്കായിരുന്നില്ല.

STORY HIGHLIGHTS: Congress can challenge BJP in 2024 says Prashant Kishor

Next Story