Top

ചിന്തന്‍ ശിബിര്‍; തെരഞ്ഞെടുപ്പുകളിൽ 'ഒരു കുടുംബം ഒരു ടിക്കറ്റ്' നയം നടപ്പാക്കുമെന്ന് അജയ് മാക്കന്‍

13 May 2022 11:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിന്തന്‍ ശിബിര്‍; തെരഞ്ഞെടുപ്പുകളിൽ ഒരു കുടുംബം ഒരു ടിക്കറ്റ് നയം നടപ്പാക്കുമെന്ന് അജയ് മാക്കന്‍
X

ജയ്പ്പൂര്‍: തെരഞ്ഞടുപ്പുകളിൽ 'ഒരു കുടുംബം ഒരു ടിക്കറ്റ് ' എന്ന നയം പ്രാവര്‍ത്തികമാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കന്‍. രാജസ്ഥാനില്‍ നടക്കുന്ന പാര്‍ട്ടിയുടെ ചിന്തന്‍ ശിബിരില്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണിക്കാണ് ലക്ഷ്യമിടുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു. സംഘടനാതലത്തില്‍ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.

പാര്‍ട്ടിയില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്കാവൂവെന്ന നിബന്ധന ഉറപ്പാക്കുമെന്നും അജയ്മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ 'ഒരു കുടുംബം ഒരു ടിക്കറ്റ്' എന്ന നയം കര്‍ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ചിന്തന്‍ ശിബിരില്‍ തീരുമാനമെടുക്കും. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്ത കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്ക്കണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്.

സ്ഥിരമായി ഒരേ പദവി വഹിക്കുന്ന നേതാക്കള്‍ അത്തരം പദവിയില്‍ നിന്നും മാറി നിൽക്കണമെന്നും. ഇങ്ങനെ പദവി ഉപേക്ഷിക്കുന്ന നേതാക്കന്‍മാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും അതേ പദവിയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നും ചിന്തൻ ശിബിരത്തിൽ വന്ന നിര്‍ദേശങ്ങളെക്കുറിച്ചും അജയ് മാക്കന്‍ സൂചന നൽകി.

അതേസമയം, പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച പാർട്ടി അധ്യക്ഷ സോണിയ ​ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ബിജെപി ഭരണകാലത്ത് രജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം അതിക്രമങ്ങൾ നടക്കുന്നെന്നും മഹാത്മാ ​ഗാന്ധിയുടെ ഘാതകരെ ബിജെപി മഹത്വവൽക്കരിക്കുകയാണെന്നും സോണിയ ​ഗാന്ധി ആരോപിച്ചു.

'പരമാവധി ഭരണം മിനിമം ​ഗവൺമെന്റ് എന്ന മുദ്രാവാക്യം കൊണ്ട് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും എന്താണ് അർത്ഥമാക്കുന്നതെന്ന് ഇപ്പോൾ വേദനയോടെ മനസിലാക്കുന്നു, രാജ്യത്തെ സ്ഥിരമായി ധ്രുവീകരണത്തിൽ നിർത്തുക, ഭയത്തിലും അരക്ഷിതാവസ്ഥയിലും നിരന്തരം ജീവിക്കാൻ ആളുകളെ നിർബന്ധിക്കുക, നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ ന്യൂനപക്ഷങ്ങളെ ക്രൂരമായി ലക്ഷ്യം വെക്കുകയും ഇരയാക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിനർത്ഥം,' കോൺ​ഗ്രസ് അധ്യക്ഷ പറഞ്ഞു. ചിന്തന്‍ ശിബിരിലെ മാരത്തോണ്‍ ചര്‍ച്ചയില്‍ രാഷ്ട്രീയം, സംഘടന, സാമ്പത്തികം, സാമൂഹ്യക്ഷേമം, യുവജനക്ഷേമം, കൃഷി എന്നിങ്ങനെ ആറോളം പ്രധാന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

STORY HIGHLIGHTS: Congress appears set to enforce a 'one family, one ticket' norm in the party

Next Story

Popular Stories