Top

'രാമനവമി ദിവസം ആരും മാംസം കഴിക്കേണ്ട'; ജെഎന്‍യുവില്‍ ഇടത് സംഘടനാ വിദ്യാര്‍ത്ഥികള്‍ക്ക് എബിവിപി മര്‍ദ്ദനം

മാംസാഹാരം കഴിക്കുന്നത് തടഞ്ഞ എബിവിപിക്കാര്‍ കാവേരി ഹോസ്റ്റലിലെ മെസ് സെക്രട്ടറിയെ ആക്രമിച്ചതായും ആരോപണമുണ്ട്

10 April 2022 4:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാമനവമി ദിവസം ആരും മാംസം കഴിക്കേണ്ട; ജെഎന്‍യുവില്‍ ഇടത് സംഘടനാ വിദ്യാര്‍ത്ഥികള്‍ക്ക് എബിവിപി മര്‍ദ്ദനം
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ മാംസാഹാരം കഴിക്കുന്നതിനേ ചൊല്ലി സംഘര്‍ഷം. രാമ നവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ ഇടത് സംഘടനാ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. മാംസാഹാരം കഴിക്കുന്നത് തടഞ്ഞ എബിവിപിക്കാര്‍ കാവേരി ഹോസ്റ്റലിലെ മെസ് സെക്രട്ടറിയെ ആക്രമിച്ചതായും ആരോപണമുണ്ട്. എബിവിപി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നേതാവ് അയ്ഷി ഘോഷ് പങ്കുവെച്ച വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

'എബിവിപി ഗുണ്ടകള്‍ ജെഎന്‍യു നിവാസികളായ വിദ്യാര്‍ത്ഥികള്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത് തടഞ്ഞു. ഹോസ്റ്റലിലെ മെസ് സെക്രട്ടറിയെ മര്‍ദ്ദിച്ചു. ക്യാംപസിനകത്ത് ഗുണ്ടായിസം അഴിച്ചുവിടുന്ന എബിവിപിക്കെതിരെ ഒന്നിക്കുക,' അയ്ഷി ഘോഷ് ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ പ്രതികരണവുമായി ജെഎന്‍യു സര്‍വ്വകലാശാല രംഗത്തെത്തിയിട്ടുണ്ട്. ക്യാംപസ് മെസ്സില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി സര്‍വ്വകലാശാല നോട്ടീസ് പുറത്തിറക്കി. സര്‍വ്വകലാശാല അധികൃതര്‍ അങ്ങനെയൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. റംസാന്‍ ആണെങ്കിലും രാമ നവമി ആണെങ്കിലും എല്ലാവരും അവരവരുടേതായ രീതിയില്‍ ആഘോഷിക്കുക, ജെഎന്‍യു റെക്ടര്‍ അജയ് ദുബേ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

Story highlights: Conflict over serving meat at JNU

Next Story