Top

പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടല്‍; യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതി

പൗരത്വ ഭേദഗതി ബില്ലിനെതിരെയുളള പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുപി സര്‍ക്കാര്‍ വിവാദ നീക്കവുമായി രംഗത്തുവന്നത്.

12 Feb 2022 11:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടല്‍; യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതി
X

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുളള യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതി. സ്വത്ത് കണ്ടുകെട്ടാനുളള നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. സിഎഎ പ്രതിഷേധക്കാര്‍ക്കെതിരേയുളള നടപടികള്‍ യുപി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്.

സര്‍ക്കാര്‍ ഒരേസമയം പരാതിക്കാരനെ പോലേയും പ്രോസിക്യൂട്ടറെ പോലേയും വിധികര്‍ത്താവിനെ പോലേയും പെരുമാറുകയാണ്. സ്വത്ത് കണ്ടുകെട്ടുന്ന നടപടിക്ക് മുന്നോടിയായി നല്‍കിയ നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കേണ്ടി വരുമെന്നും നടപടി നിയമവിരുദ്ധമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സമരക്കാര്‍ക്കെതിരെ 274 നോട്ടീസുകള്‍ ഇറക്കിയിട്ടുണ്ട്. ഇതില്‍ 236 നോട്ടീസുകളില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ നടപടികളില്‍ യുപി സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ക്കായി രൂപീകരിച്ച ക്ലെയിം ട്രിബ്യൂണലുകളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പകരം ജില്ലാ മജിസ്‌ട്രേറ്റുമാരെയാണ് യുപി സര്‍ക്കാര്‍ നിയമിച്ചത്. ഇത് നിയമവിരുദ്ധമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം അല്ലെങ്കില്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെതിരെയുളള പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുപി സര്‍ക്കാര്‍ വിവാദ നീക്കവുമായി രംഗത്തുവന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനായി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. ഉത്തരവ് പിന്‍വലിക്കാന്‍ ഫെബ്രുവരി 18 വരെ സുപ്രീംകോടതി സമയം നല്‍കിയിട്ടുണ്ട്.

Next Story