ത്രിപുരയില്‍ ക്യൂയർ കമ്യൂണിറ്റി അംഗങ്ങളെ പൊലീസ് വിവസ്ത്രരാക്കി ദേഹപരിശോധന നടത്തിയതായി പരാതി
അഗര്‍ത്തലയില്‍ എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍പ്പെട്ട നാലുപേരെ അറസ്റ്റുചെയ്ത് പോലീസ് സ്റ്റേഷനില്‍ വെച്ച് അടിവസ്ത്രമുള്‍പ്പടെ ഉരിഞ്ഞ് ദേഹപരിശോധന നടത്തിയതായാണ് പരാതി
12 Jan 2022 8:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: ത്രിപുരയില്‍ എല്‍ജിബിടി കമ്മ്യൂണിറ്റിയില്പ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും വിവസ്ത്രരാക്കി ദേഹപരിശോധ നടത്തിയതായും പരാതി. തലസ്ഥാനമായ അഗര്‍ത്തലയിലാണ് എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍പ്പെട്ട നാലുപേര്‍ക്കെതിരെ പൊലീസ് അതിക്രമം നടന്നത്. പൊലീസ് അതിക്രമത്തിന് വിധേയരായവരില്‍ ഒരാള്‍ തന്നെയാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലിംഗ നിര്‍ണ്ണയം നടത്താനാണ് എല്‍ജിബിടി കമ്മ്യൂണിറ്റിയില്പ്പെട്ടവരെ പൊലീസ് സ്റ്റേഷനില്‍ വിവസ്ത്രരാക്കി ദേഹപരിശോധന നടത്തിയതെന്ന് പരാതിയില്‍ ആരോപച്ചിട്ടുണ്ട്.
അഗര്‍ത്തലയില്‍ എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍പ്പെട്ട നാലുപേരെ അറസ്റ്റുചെയ്ത് പോലീസ് സ്റ്റേഷനില്‍ വെച്ച് അടിവസ്ത്രമുള്‍പ്പടെ ഉരിഞ്ഞ് ദേഹപരിശോധന നടത്തിയതായാണ് പരാതി. ദേഹപരിശോധനാ സമയത്ത് പുരുഷപൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനിലുണ്ടായിരുന്നതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാതിക്കാരുടെ നാലുപേരുടേയും അടിവസ്ത്രവും വിഗ്ഗും സ്റ്റേഷനില്‍ പിടിച്ചുവെച്ചതായും പരാതിയില്‍ വ്യക്തക്കുന്നുണ്ട്.
അതേസമയം വസ്ത്രം ധരിക്കുന്നതില്‍ പരിധി ലംഘിക്കപ്പെട്ടാല്‍ ഇനിയും അറസ്റ്റുചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. പരാതിക്കാരായ എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്കെതിരെ വ്യാജ കവര്‍ച്ച കേസ് രജിസ്റ്റര്‍ ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഒരു പത്ര ഫോട്ടോഗ്രാഫറും പൊലീസുകാരോടൊപ്പം ഉണ്ടായിരുന്നുവെന്നും ഇയാള്‍ തങ്ങളെ പിന്തുടര്ന്ന് അവഹേളിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടതായി കാണിച്ചാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ട ഒരാള്‍ പരാതി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച്ച അര്‍ധരാത്രി ഹോട്ടലിലെ പാര്‍ട്ടികഴിഞ്ഞ് പോകുന്ന എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍പ്പെട്ട നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍വെച്ച് ഇവരെ വിവസ്ത്രരാക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തതെന്നാണ് ആരോപണം.