ഛത്തീസ്ഗഢില്‍ എട്ട് വയസുകാരനെ മൂര്‍ഖന്‍ കടിച്ചു; തിരിച്ച് രണ്ട് കടി കൊടുത്ത് ബാലന്, പാമ്പ് ചത്തു
ഭയന്നുവിറച്ച കുട്ടി പാമ്പിനെ ശരീരത്തില്‍ നിന്ന് കുടഞ്ഞുകളയാന്‍ ശ്രമിച്ചെങ്കിലും മൂര്‍ഖന്‍ ചുറ്റിവരഞ്ഞ് തന്നെ നിന്നു.
5 Nov 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റായ്പൂര്‍: തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് എട്ട് വയസുകാരന്. ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എട്ട് വയസുകാരന് ദീപക്. ഇതിനിടെ ഒരു മൂര്‍ഖന്‍ ബാലന്റെ കൈയില്‍ ചുറ്റുകയും കടിക്കുകയും ചെയ്തു.
ഭയന്നുവിറച്ച കുട്ടി പാമ്പിനെ ശരീരത്തില്‍ നിന്ന് കുടഞ്ഞുകളയാന്‍ ശ്രമിച്ചെങ്കിലും മൂര്‍ഖന്‍ ചുറ്റിവരഞ്ഞ് തന്നെ നിന്നു. പാമ്പ് പിടി വിടാതായതോടെ ദീപക് വിഷപ്പാമ്പിനെ തിരിച്ച് കടിച്ചു. പരുക്കേറ്റ പാമ്പ് വൈകാതെ ചത്തുവീണു.
'പാമ്പ് എന്റെ കൈയില്‍ ചുറ്റി എന്നെ കടിച്ചു. എനിക്ക് നന്നായി വേദനിച്ചു. കുടഞ്ഞുകളയാന്‍ ശ്രമിച്ചെങ്കിലും പാമ്പ് പോയില്ല. ഞാന്‍ തിരിച്ച് നല്ല രണ്ട് കടി കൊടുത്തു. എല്ലാം പെട്ടെന്നായിരുന്നു,' ദീപക് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
Bizarre! 8-year-old boy was bitten by Cobra, he angrily sunk his teeth into a poisonous reptile, killing it. But how did he survive? Here's the reason..@NewIndianXpress @santwana99 @TheMornStandard #wildlife pic.twitter.com/vuDcRNYEqi
— Ejaz Kaiser (@KaiserEjaz) November 2, 2022
പാമ്പ് കടിച്ച കാര്യം പറഞ്ഞയുടനെ മാതാപിതാക്കള്‍ ദീപക്കിനെ ആശുപത്രിയിലെത്തിച്ചു. ആന്റി വെനം നല്കിയ ശേഷം കുട്ടിയെ ഒരു ദിവസം നിരീക്ഷണത്തില്‍ വെച്ചു. മൂര്‍ഖന്‍ കടിച്ചെങ്കിലും ദീപക്കിന്റെ ശരീരത്തില്‍ വിഷം പ്രവേശിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. ജീവന് രക്ഷപ്പെടാന്‍ കാരണം 'ഡ്രൈ ബൈറ്റ്' (വിഷമില്ലാത്ത പാമ്പുകടി) ആണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യവാനെന്ന് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് എട്ട് വയസുകാരനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.
STORY HIGHLIGHTS: Cobra bites Chhattisgarh boy he bites it back twice snake dies