Top

ഒമിക്രോണ്‍ വ്യാപനം: ഡല്‍ഹിയില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്

ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

22 Dec 2021 12:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോണ്‍ വ്യാപനം: ഡല്‍ഹിയില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്
X

കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിയമം കര്‍ശനമായി നടപ്പാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ ഭരണകൂടത്തിനും പൊലീസിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

ഇതിനിടെ ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പോസിറ്റിവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കണം, കണ്ടൈന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം, രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്‍ (18), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.

ഡിസംബര്‍ 18ന് യുകെയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Next Story