Top

'ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നത് സർക്കാരുകളുടെ പുതിയ പ്രവണത'; ദൗർഭാ​ഗ്യകരമെന്ന് ചീഫ് ജസ്റ്റിസ്

നേരത്തെ സ്വകാര്യ കക്ഷികൾ മാത്രമാണ് ജഡ്ജിമാർക്കെതിരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുളള പരാമർശങ്ങൾ നടത്തിയിരുന്നത്.

8 April 2022 10:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നത് സർക്കാരുകളുടെ പുതിയ പ്രവണത; ദൗർഭാ​ഗ്യകരമെന്ന് ചീഫ് ജസ്റ്റിസ്
X

ഡൽഹി: വിധികൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ സർക്കാരുകൾ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന പുതിയ പ്രവണത ഉയർന്നുവന്നിട്ടുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇത്തരം പ്രവണതകൾ ദൗർഭാഗ്യകരമാണെന്നും അ​ദ്ദേഹം പറഞ്ഞു. നിങ്ങൾ എന്ത് പോരാട്ടം നടത്തിയാലും കുഴപ്പമില്ല. എന്നാൽ കോടതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് ഛത്തീസ​ഗഡിൽ നിന്നുളള മുൻ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്തുളള അപ്പീലുകൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

"നേരത്തെ സ്വകാര്യ കക്ഷികൾ മാത്രമാണ് ജഡ്ജിമാർക്കെതിരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുളള പരാമർശങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ ഞങ്ങൾ ഇത് എല്ലാ ദിവസവും കാണുന്നു... നിങ്ങളാണ് മുതിർന്ന അഭിഭാഷകൻ, ഞങ്ങളേക്കാൾ കൂടുതൽ ഇത് നിങ്ങൾ കണ്ടു. ഇത് ഒരു പുതിയ പ്രവണതയാണ്. സർക്കാർ ജഡ്ജിമാരെ അപകീർത്തിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. നിർഭാഗ്യകരമാണ്, "ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാൽ ഈ വിഷയത്തിൽ താൻ ഒട്ടും സമ്മർദ്ദം ചെലുത്തിയില്ലെന്ന് അപ്പീലിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു.

ഛത്തീസ്ഗഡ് സർക്കാരും ഒരു സാമൂഹിക പ്രവർത്തകനുമാണ് ഈ കേസിൽ അപ്പീലുകൾ സമർപ്പിച്ചത്. കേസിൽ ജുഡീഷ്യറിക്കെതിരെ ഉന്നയിക്കപ്പെട്ട ചില ആരോപണങ്ങളിൽ ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചിന് ഉത്തരംമുട്ടുകയുണ്ടായി. കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ 18ലേക്ക് മാറ്റി.

STORY HIGHLIGHTS: Chief Justice says the maligning of judges is a new trend in governments

Next Story