'ആപ് തന്നെ ബന്ധപ്പെട്ടു, പക്ഷെ കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല'; ചത്തീസ്ഗഡ് ആരോഗ്യമന്ത്രി
4 April 2022 9:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റായ്പൂര്‍: ചത്തീസ്ഗഡിലെ ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സജീവമാക്കി ആംആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആരോഗ്യമന്ത്രിയുമായ ടിഎസ് സിങ് ദിയോയുമായി ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തി.
എന്നാല്‍ കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യം തന്റെ കാര്യത്തില്‍ ഉദിക്കുന്നേയില്ല എന്നാണ് സിങ് ദിയോവിന്റെ പ്രതികരണം. അഞ്ച് തലമുറകളിലായി തന്റെ കുടുംബം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് മാറുക എന്നതിനെ കുറിച്ച് തനിക്ക് ആലോചിക്കാനാവില്ല. തനിക്ക് സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഒരുപാട് ബഹുമാനമുണ്ട്. ചത്തീസ്ഗഡ് ഇരുപാര്‍ട്ടി സംവിധാനത്തെ ഇഷ്ടപ്പെടുന്ന സ്ഥലമാണ്. മൂന്നാമതൊരു പാര്‍ട്ടിക്ക് സാധ്യതയില്ലെന്നും സിങ് ദിയോ പറഞ്ഞു.
ബിജെപിയിലും താന്‍ ചേരില്ല. താന്‍ അത്തരം രാഷ്ട്രീയത്തെ ഇഷ്ടപ്പെടുന്നില്ല. പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായി പൊതുസ്ഥലത്ത് നില്ക്കാന് തനിക്ക് കഴിയില്ലെന്നും സിങ് ദിയോ പറഞ്ഞു.
2018ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ചത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാന്‍ ധാരണയുണ്ടായിരുന്നുവെന്ന് സിങ് ദിയോ അനുകൂലികള്‍ പറഞ്ഞിരുന്നു. രണ്ടര വര്‍ഷം നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിനും ബാക്കിയുള്ള വര്‍ഷങ്ങള്‍ സിങ് ദിയോക്കും എന്നാണ് തീരുമാനിച്ചതെന്ന് ഈ വിഭാഗം പറയുന്നു. എന്നാല്‍ അങ്ങനെയൊരു തീരുമാനമുണ്ടായിരുന്നില്ലെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങളുടെ പ്രതികരണം.
Story Headlines: chhattisgarh health minister ts singh deo said that the aam admi party had contacted him