ചത്തീസ്ഗഡിനെ കോണ്‍ഗ്രസ് കോട്ടയാക്കി ഭൂപേഷ് ഭാഗെല്‍; ഇളക്കമുണ്ടാക്കാനാവാതെ, ശോഷിച്ച് ബിജെപി
17 July 2022 10:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റായ്പൂര്‍: രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ വലിയ മാറ്റമുണ്ടാക്കികൊണ്ടാണ് ബിജെപി 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. പിന്നാലെ തന്നെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ അധികാരത്തിലുമെത്തി. 'ഓപ്പറേഷന് കമല'യിലൂടെ വിവിധ നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് പ്രതിപക്ഷ കക്ഷികളെ ബിജെപി പിടിച്ചുകുലുക്കുകയും ചെയ്തു. പക്ഷെ 2018ല്‍ ചത്തീസ്ഗഡില്‍ ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുകയായിരുന്നു.
ചത്തീസ്ഗഡ് സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ കോണ്‍ഗ്രസിനായിരുന്നു അധികാരമുണ്ടായിരുന്നത്. പക്ഷെ 2003ല്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തി. 15 വര്‍ഷം ബിജെപി തുടര്‍ച്ചയായി ഭരിച്ചു. പക്ഷെ 2018ല്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടു. പിന്നീട് മുഖ്യമന്ത്രിയായി വന്ന ഭൂപേഷ് ഭാഗെല്‍ പതുക്കെ തുടങ്ങി ഇപ്പോള്‍ സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് കോട്ടയാക്കി മാറ്റിയിരിക്കുകയാണ്.
അധികാരത്തിലേറി മൂന്നര വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഭാഗെല്‍ സര്‍ക്കാര്‍. ഈ വര്‍ഷങ്ങളിലൊക്കെ ഭാഗെല്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുമുള്ള നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. പക്ഷെ ഒന്നും വിജയിച്ചില്ല. അതേ സമയം തന്നെ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചുകൊണ്ടിരുന്നു.
പല സമയങ്ങളിലും കണ്ടതാണ്, ചത്തീസ്ഗഡില്‍ ഭാഗെല്‍ തന്നെയാണ് കോണ്‍ഗ്രസ്. ഇതിന്റെ കാരണം സംഘടന സംവിധാനവും സര്‍ക്കാരും ഭാഗെലിന്റെ കയ്യില്‍ തന്നെയാണെന്നതാണ്. ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിരവധി പദ്ധതികളാണ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭാഗെല്‍ നടപ്പിലാക്കിയത്. അധികാരത്തിലെത്തിയതിന് ശേഷം ഗ്രാമീണ ജനങ്ങള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയെന്നത് ജനസംഖ്യയില്‍ 32 ശതമാനം വരുന്ന ആദിവാസി ജനതയും 12 ശതമാനം വരുന്ന ദളിത് ജനതയുമാണ്. എക്കാലത്തും ഇളകാതെ കോണ്‍ഗ്രസിനോടൊപ്പം നില്ക്കുന്ന വോട്ട് ബാങ്കാണിത്. മുന്‍പ് രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് ഒരു ശതമാനം വോട്ടിന്റെ മാത്രം കുറവിനാണ്.
കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ക്ക് സംസ്ഥാനത്ത് പ്രത്യേകിച്ച് നേട്ടമുണ്ടാക്കാനാവുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നേട്ടമുണ്ടാക്കാനാവുന്നില്ലെന്ന് മാത്രമല്ല നഷ്ടവും സംഭവിക്കുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായിരുന്ന അജിത് ജോഗി, വിദ്യ ചരണ്‍ ശുകഌഎന്നിവരെ ഉദാഹരണമായി കാണാം. പാര്‍ട്ടിക്കാണ് വോട്ട് ബാങ്കുള്ളത് നേതാക്കള്‍ക്കല്ല, എന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. അത് കൊണ്ട് തന്നെ നേതാക്കള്‍ കൂറുമാറ്റമെന്ന ആശയത്തെ തള്ളിക്കളയുന്നു. അജിത് ജോഗി പാര്‍ട്ടി വിട്ടപ്പോഴും അനുയായികളായ നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു. ഭൂപേഷ് ഭാഗെലിന് ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ അറിയാമെന്ന് മാത്രമല്ല, അദ്ദേഹം ഇത് പരിഹരിക്കാന്‍ ഇടപെടുക കൂടി ചെയ്യുന്നുണ്ടെന്ന് എഐസിസി സെക്രട്ടറി രാജേഷ് തിവാരി പറഞ്ഞു.
ആംആദ്മി പാര്‍ട്ടിയെ പോലൊരു മൂന്നാം കക്ഷിയെ ബിജെപി ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മൂന്നാം കക്ഷി വന്നാല്‍ കോണ്‍ഗ്രസിനെ ആയിരിക്കും അത് ബാധിക്കുക എന്നും തങ്ങളുടെ 40 ശതമാനം വോട്ട് ഉറപ്പ് വരുത്തി ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് അവരുടെ വിലയിരുത്തല്‍. മൂന്നാം കക്ഷി വന്നില്ലെങ്കില്‍ തങ്ങളുടെ നില പരുങ്ങലിലാവുമെന്നും അവര്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ സമാന അവസ്ഥയാണ് നിലവില്‍ ബിജെപിക്ക് സംസ്ഥാനത്ത്. കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്നല്ല. പാര്‍ട്ടിക്കുള്ളിലെ അധികാരക്രമത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചെങ്കിലും ഭാഗെലില്‍ തട്ടി നിര്‍വീര്യമാവുകയായിരുന്നു. ഭാഗെല്‍ ആണെങ്കില്‍ സംസ്ഥാനത്തും ദേശീയ തലസ്ഥാനത്തും ഒരേ പോലെയാണ് ഇടപെടുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്തായി ഭാഗെലിനെ കാണാം. തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതല നല്കിയിരിക്കുന്നതും ഭാഗെലിനാണ്.
സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയം ഭാഗെല്‍ ആരംഭിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകന് രുദ്ര അശ്വതി പറഞ്ഞു. അദ്ദേഹം ഒരു ഭാഗത്ത് ഗ്രാമീണര്‍ക്ക് തൊഴില്‍ നല്കി ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി. മറുവശത്ത് ചത്തീസ്ഗഡിന്റെ പ്രതിച്ഛായ ഉയര്‍ത്തി. അതേ സമയം തന്നെ പുറത്തുള്ളതും പാര്‍ട്ടിക്കുള്ളിലെയും എതിരാളികള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയില്ല. തന്റെ സ്വാധീനം ഉറപ്പിക്കാനാവുന്ന ഒരു അവസരവും അദ്ദേഹം വെറുതെ കളഞ്ഞില്ല. ഇതാണ് സംസ്ഥാനത്തെ ബിജെപി നാള്‍ക്കുനാള്‍ ക്ഷീണിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Chhattisgarh CM Bhupesh Baghel has slowly started to turn this state into an impregnable fortress of the Congress