Top

'നല്ല നിയമങ്ങളായിരുന്നു'; പിന്‍വലിക്കാന്‍ അവതരിപ്പിച്ച ബില്ലിലും വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം

'ഒരു ചെറിയ വിഭാഗം കർഷകർ മാത്രമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെങ്കിലും ചർച്ചകളിലൂടെ നിയമങ്ങളുടെ ഗുണങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍ സർക്കാർ തയ്യാറായി'

29 Nov 2021 7:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നല്ല നിയമങ്ങളായിരുന്നു; പിന്‍വലിക്കാന്‍ അവതരിപ്പിച്ച ബില്ലിലും വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം
X

വിവാദ കാർഷിക നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ട് പാർലമെന്റില്‍ പാസാക്കിയ ബില്ലിലും കർഷകരെ അപമാനിക്കുന്ന പരാമർശങ്ങള്‍. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിക്കുന്ന ബില്ലില്‍, ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതെന്നും എല്ലാവരെയും ഒന്നിച്ചു നിർത്തേണ്ട സാഹചര്യം പരിഗണിച്ചുമാത്രമാണ് പിന്മാറ്റമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

'കർഷകരുടെയും ഗ്രാമീണ മേഖലയുടെയും സാമൂഹിക, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടായിരുന്നു സർക്കാർ കാർഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. കാലാകാലങ്ങളായി വിവിധ സർക്കാരുകള്‍ പലരൂപത്തില്‍ അവതരിപ്പിച്ചവയായിരുന്നു ഈ നിയമങ്ങള്‍. ഒരു ചെറിയ വിഭാഗം കർഷകർ മാത്രമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെങ്കിലും പല ഘട്ടങ്ങളായി നടത്തിയ ചർച്ചകളിലൂടെ നിയമങ്ങളുടെ ഗുണങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍ സർക്കാർ തയ്യാറായി. നിലവില്‍ അവർക്കുള്ള സംവിധാനങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താതെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കും വിപണനത്തിനും പുതിയ വേദികള്‍ ഒരുക്കി നല്‍കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം' - ബില്‍ പറയുന്നു.

രാജ്യം സ്വാതന്ത്രത്തിന്റെ 75-ാം വർഷത്തില്‍ 'ആസാദി കാ അമൃത് മഹോത്സവ്' ആചരിക്കുന്ന ഈ സമയത്ത്, എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വളർച്ചയുടെയും വികസനത്തിന്റെയും പാതയില്‍ ജനത്തെ ഒന്നിച്ചു നിർത്തേണ്ടതുണ്ടെന്നും ബില്‍ പരാമർശിക്കുന്നു.

'കർഷകർക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ഉയർന്ന വിലയും സാങ്കേതിക പുരോഗതിയുടെ പ്രയോജനവും ഉറപ്പാക്കുകയായിരുന്നു കാർഷിക നിയമങ്ങളുടെ ലക്ഷ്യം. അവരുടെ വരുമാനം വർദ്ധിക്കുന്നതിന് സഹായകമാകുന്ന പുതിയ വിപണികള്‍ ഒരുക്കുന്നതായിരുന്നു മുന്നു നിയമങ്ങളും'- കാർഷിക നിയമങ്ങളെ ന്യായീകരിച്ചുകൊണ്ട് ബില്‍ പറയുന്നു.

കർഷകർക്ക് ഏത് വിപണിയിലും ആർക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുന്ന, ചില്ലറ വില്‍പ്പനക്കാരും മൊത്ത വില്‍പ്പനക്കാരുമായി നേരിട്ട് വിപണന സാധ്യതയുള്ള ഒരു പരിസരമായിരുന്നു കാർഷിക നിയമങ്ങള്‍ വിഭാവനം ചെയ്തത്. സുതാര്യതയും സാമ്പത്തിക ലാഭവും നിയമസഹായവും വാഗ്ദാനം ചെയ്യുന്ന ഒരു ചട്ടക്കൂടിന് രൂപം കൊടുത്തുള്ള നിയമങ്ങളിലൂടെ കർഷകർക്ക് ലാഭം ഉറപ്പുവരുത്തുകയും അവരെ സാമ്പത്തിക പുരോഗതിയിലേക്ക് എത്തിക്കുകയും ചെയ്യുന്നവയായിരുന്നു കാർഷിക നിയമങ്ങള്‍.

വർഷങ്ങളായി കർഷകരും കർഷക സംഘടനകളും കാർഷിക മേഖലയിലെ സാമ്പത്തിക വിദഗ്ദരും ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു നിയമനിർമ്മാണമായിരുന്നു അത്. കൊവിഡ് കാലത്ത്, കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും സർക്കാർ അവതരിപ്പിച്ച അനവധി സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായിരുന്നു കാർഷിക നിയമങ്ങളെന്നും ബില്ലിലെ കേന്ദ്രസർക്കാർ വിശദീകരണം അവകാശപ്പെടുന്നു.

അതേസമയം, സർക്കാർ പരാമർശിക്കുന്ന 'എല്ലാവരെയും ഒന്നിച്ചു നിർത്തേണ്ട സമയം' ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. കർഷകരോട് മാപ്പു ചോദിച്ച പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നാടകത്തിന് അപ്പുറം കേന്ദ്രസർക്കാരിന്റെ യഥാർത്ഥ നിലപാട് പ്രഖ്യാപിക്കുന്നതാണ് ബില്ലിലെ പരാമർശങ്ങളെന്നും അവർ പറയുന്നു. ഇത് കർഷകരടക്കമുള്ള ഇന്ത്യന്‍ ജനതയോടുള്ള പൊറുക്കാനാകാത്ത വഞ്ചനയെന്നായിരുന്നു സിപിഐ നേതാവും പാർലമെന്റ് അംഗവുമായി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.



Next Story

Popular Stories